Your Ad Here

Tuesday, 24 May 2011


മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിനു വേണ്ടി മാത്രമായുള്ള സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റാണ്‌ ഡബ്‌ള്യൂ ഡബ്‌ള്യൂ ഡബ്‌ള്യൂ വളവന്നൂര്‍ ഡോട്ട്‌ കോം(www.valavannur. com). വളവന്നൂര്‍ പഞ്ചായത്തിലെ ഓരോ വ്യക്‌തിക്കും തന്റെ സാന്നിദ്ധ്യം അറിയിക്കാനും സൗഹൃദം പങ്കുവെക്കാനുമുള്ള ഒരിടം. മുമ്പ്‌ 'അസ്‌ത്രം' എന്ന പേരിലിറക്കിയ പ്രാദേശിക പത്രത്തിന്റെ അണിയറക്കാര്‍ തന്നെയാണ്‌ വളവന്നൂരിന്റെ ഗ്രാമീണഭംഗിയും നാട്ടുവര്‍ത്തമാനങ്ങളും പങ്കുവെക്കുന്ന ഇത്തരമൊരു സൈറ്റിന്റെയും അണിയറ ശില്‍പ്പികള്‍.
ഫേസ്‌ബുക്ക്‌, ഓര്‍ക്കുട്ട്‌ എന്നിവ പോലെ ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ്‌ ചെയ്യാനും, ഷെയര്‍ ചെയ്യാനും, സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമുള്ള സൗകര്യം വളവന്നൂര്‍ ഡോട്ട്‌ കോം നല്‍കുണ്ട്‌. പക്ഷെ എല്ലാം ഈ പഞ്ചായത്തുമായി ബന്ധപ്പെട്ടതായിരിക്കണമെന്ന്‌ ഇതിന്റെ പിന്നണിക്കാര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌.
വളവന്നൂര്‍ ഡോട്ട്‌ കോം ദിനംപ്രതി പ്രശസ്‌തമാകുകയാണ്‌. സ്വന്തം നാടും നാട്ടുകാരും ഒത്തുചേരുന്ന ഇത്തരമൊരു സംരഭത്തിന്‌ താല്‍പര്യമേറുക സ്വാഭാവികമാണ്‌; പ്രത്യേകിച്ചും പ്രവാസികള്‍ക്കിടയില്‍. വളവന്നൂര്‍ ഡോട്ട്‌ കോമിലെ വലിയൊരു സാന്നിദ്ധ്യം പ്രവാസികളാണ്‌. സ്വന്തം ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ്‌ ചെയ്‌ത്‌ അതിന്‌ പരസ്‌പരം രസികന്‍ കമന്റുകള്‍ അയച്ച്‌, ബ്ലോഗുകളെഴുതി സ്വന്തം നാടിന്റെ ഓര്‍മകളും സൗഹൃദങ്ങളും പങ്കുവെക്കുന്ന ഇത്തരമൊരു കൂട്ടായ്‌മ കമ്മ്യൂണിറ്റി സൈറ്റുകളില്‍ പുതുമയാണ്‌.
വളവന്നൂര്‍ ഡോട്ട്‌ കോം അസൂയാവഹമായ മുന്നേറ്റമാണ്‌ നടത്തുന്നത്‌. പഞ്ചായത്തിന്‌ പുറത്തുള്ളവര്‍ പോലും ഈ സൈറ്റില്‍ സാന്നിദ്ധ്യമറിയിക്കാന്‍ കാത്തുനില്‍ക്കുകയാണ്‌. ഇതുകാരണം സമീപ പഞ്ചായത്തുകളിലെയും ചിലപ്പോള്‍ വളവന്നൂരുമായി ഒരു ബന്ധം പോലുമില്ലാത്തവരെയും സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ്‌ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍.
നാട്ടുവാര്‍ത്തകളുടെ ഒരു ന്യൂസ്‌ പോര്‍ട്ടലായും ഇത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. നാട്ടിലെ മരണം, വിവാഹം, തെരഞ്ഞെടുപ്പ്‌, കലാ-കായിക വാര്‍ത്തകള്‍ സ്ഥിരമായി വളവന്നൂര്‍ ഡോട്ട്‌ കോമില്‍ അപ്‌ഡേറ്റ്‌ ചെയ്യുന്നുണ്ട്‌. മറ്റൊരു മാധ്യമങ്ങളിലും ലഭിക്കാത്ത, എന്നാല്‍ തങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ ഒരിക്കലും മായാത്ത മുഖങ്ങള്‍ സ്വന്തം നാടിന്റെ പ്രകൃതിഭംഗി, വേറിട്ട കാഴ്‌ചകള്‍ തുടങ്ങി ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടുപ്പുകളിലേക്ക്‌ വെളിച്ചം വീശി വളവന്നൂര്‍ ഡോട്ട്‌ കോം ശ്രദ്ധേയമാവുകയാണ്‌

No comments:

Post a Comment