Your Ad Here

Saturday, 28 May 2011

ആഘോഷിക്കാന്‍ 'മിസ്റ്റര്‍ മരുമകന്‍' ദിലീപ് വീണ്ടും

ദിലീപ് വീണ്ടും ജനപ്രിയ ചേരുവകളുമായി പ്രേക്ഷകര്‍ക്ക്‌ മുന്നിലേയ്ക്ക് എത്തുന്ന ചിത്രമാണ് 'മിസ്റ്റര്‍ മരുമകന്‍'. കല്യാണ രാമന്‍, കാര്യസ്ഥന്‍ എന്നീ ഗണത്തില്‍പ്പെടുത്താവുന്ന ഈ ചിത്രം ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിന്റെ തൂലികയില്‍ പിറന്നതാണ് എന്നതാണ് പ്രധാന സവിശേഷത. സന്ധ്യാമോഹനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. സിബി - ഉദയനും സന്ധ്യാമോഹനും ഇതിനുമുമ്പൊന്നിച്ച 'കിലുക്കം കിലുകിലുക്കം' പരാജയമായിരുന്നു. അതിന്റെ ക്ഷീണം മിസ്റ്റര്‍ മരുമകനിലൂടെ പൂര്‍ണമായും തീര്‍ക്കാനാണ് ഇവരുടെ ശ്രമം.
ഒരു കാലത്ത്‌ കേരളത്തിലെ ഉത്സവവേദികളെ ഹരം കൊള്ളിച്ച നാടക ട്രൂപ്പായിരുന്നു ഭരത കലാക്ഷേത്രം. രാജഗോപാലന്‍ തമ്പി(നെടുമുടി വേണു)യാണ്‌ ട്രൂപ്പിന്റെ ഉമസ്ഥന്‍. പിന്നീട്‌ രാജഗോപാലന്‍ തമ്പിയുടെ മകന്‍ അശോക്‌ രാജ്(ദിലീപ്)‌ നേതൃത്വം ഏറ്റെടുത്തുന്നു. സ്വന്തം വീട്‌ പണയപ്പെടുത്തിയാണ്‌ അശോക്‌ രാജ്‌ നാടക ട്രൂപ്പ്‌ വീണ്‌ടും ആരംഭിക്കുന്നത്‌. എന്നാല്‍ അശോക്‌രാജിന്റെ നാടക ട്രൂപ്പ്‌ പൊളിയുന്നു. ഒപ്പം സഹോദരന്‍ ബാബുരാജിന്റെ(ബിജു മേനോന്‍) വ്യവസായവും തകര്‍ന്നു.
അങ്ങനെ ആകെ കടക്കെണിയിലാകുകയാണ്‌ അശോക്‌ രാജും കുടുംബവും.‌ വീട്‌ ജപ്‌തി ചെയ്യാന്‍ വരുന്ന ഉദ്യോഗസ്‌ഥരെ സ്വാധീനിക്കാന്‍ അശോക്‌ രാജ് പ്രത്യേക പ്രാവീണ്യം നേടിയിരുന്നു. അങ്ങനെ എല്ലാത്തിലും നിന്നും വല്ലവിധം രക്ഷപെടുമ്പോഴാണ്‌ വീടിന്റെ ജപ്‌തി നടപ്പിലാക്കാന്‍ ഉയര്‍ന്ന ബാങ്ക്‌ ഓഫിസര്‍ എത്തുന്നത്‌. വിവരമറിഞ്ഞ അശോക്‌ രാജ്‌, ബാങ്ക്‌ ഓഫിസര്‍ ബാലസുബ്രഹ്‌മണ്യനെ(ഭാഗ്യരാജ്) കണ്ട്‌ സ്വാധീനിക്കാന്‍ ഒരുങ്ങി പുറപ്പെടുന്നു.
ഇതിനിടെയാണ് ഫാഷന്‍ ഡിസൈനില്‍ പാരീസില്‍ നിന്നും ഉന്നതബിരുദം നേടി നാട്ടിലെത്തിയ രാജലക്ഷ്‌മി(സനുഷ) സ്വന്തം സ്‌ഥാപനമായ രാജാസ്‌ ഗ്രൂപ്പില്‍ ചുമതലയേല്‍ക്കുന്നത്. സമ്പന്നമായ ഒരു കുടുംബത്തിലെ കരുത്തയായ രാജകോകില(ഷീല)യുടെ ചെറുമകള്‍ ആണ് രാജലക്ഷമി. തന്റെ കളിക്കൂട്ടുകാരിയായ രാജലക്ഷ്‌മിയെ അപ്രതീക്ഷിതമായി അശോക്‌ രാജ്‌ കാണാന്‍ പോകുന്നു. തുടര്‍ന്ന്‌ അശോക്‌ രാജിന്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളാണ് നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഇതില്‍ പറയുന്നത്. 
സൗത്ത്‌ ഇന്ത്യന്‍ സിനിമയിലെ പ്രശസ്‌തരായ മൂന്ന്‌ സീനിയര്‍ ആര്‍ട്ടിസ്റ്റുകളായ ഷീലയും ഖുശ്‌ബുവും സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഭാഗ്യരാജും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബാലതാരമായി മലയാള സിനിമയില്‍ തിളങ്ങിയ ‍സനുഷ ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമെന്നതും മിസ്റ്റര്‍ മരുമകന്റെ ഹൈലൈറ്റാണ്‌. സായ് കുമാര്‍, സുരാജ്‌ വെഞ്ഞാറമൂട്‌, സലിംകുമാര്, ഹരിശ്രീ അശോകന്‍ ‍ എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
വര്‍ണ്ണചിത്ര ബിഗ്‌ സ്‌ക്രീനിന്റെ ബാനറില്‍ സുബൈറും, നെല്‍സണ്‍ ഐപ്പും ചേര്‍ന്നാണ്‌ മിസ്റ്റര്‍ മരുമകന്‍ നിര്‍മ്മിക്കുന്നു. കൊച്ചിക്ക്‌ പുറമെ ഊട്ടിയും മദ്രാസുമാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഛായാഗ്രാഹകന്‍ പി സുകുമാര്‍. പി ടി ബിനു, സന്തോഷ്‌ വര്‍മ എന്നിവരുടെ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ സുരേഷ്‌ പീറ്റേഴ്‌സ്‌ ആണ്‌. എഡിറ്റര്‍- മഹേഷ്‌ നാരായണന്‍. മിസ്‌റ്റര്‍ മരുമകന്‍ റംസാന്‌ തിയേറ്ററിലെത്തിക്കും.


No comments:

Post a Comment