'ലൌഡ് സ്പീക്കര്‍' എന്ന സാമാന്യം മനോഹരമായ ചിത്രത്തിനുശേഷം മമ്മൂട്ടിയും ജയരാജും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷകളോടെയാകും 'ദി ട്രെയിന്‍' കാണാന്‍ പ്രേക്ഷകരെത്തുന്നത്. എന്നാല്‍ ചില പുത്തന്‍ സങ്കേതങ്ങള്‍ പരീക്ഷിക്കുന്ന തിരക്കില്‍ ചടുലതയും കഥാപാത്രങ്ങള്‍ തമ്മിലെ കണ്ണിയിണക്കവും കൈമോശം വന്നത് അദ്ദേഹത്തിന്റെ 'ട്രെയിനി'നെ ഇത്തവണ പാളം തെറ്റിക്കുകയാണ്. സാമാന്യം നല്ലൊരു കഥാതന്തു ഇഴയുന്ന തിരക്കഥയുടെ ബലത്തില്‍ അവതരിപ്പിച്ചത് ഈ ട്രെയിനിനെ യാത്രക്കിടയില്‍ പലേടത്തും പിടിച്ചിടുന്നുണ്ട്.
2006ല്‍ മുംബൈയില്‍ മിനിറ്റുകള്‍ക്കിടയില്‍ ട്രെയിനുകളില്‍ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ നാലു വ്യത്യസ്ത ട്രാക്കുകളിലൂടെ കഥ പറയുകയാണിതില്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയുള്ള നഗരജീവിതം.
ലഭിച്ച സൂചനകള്‍പ്രകാരം തീവ്രവാദി ആക്രമണം തടയാന്‍ കഠിന പ്രയത്നം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍ കേദാര്‍ നാഥ് (മമ്മൂട്ടി), എ.ആര്‍ റഹ്മാനു വേണ്ടി പാട്ടുപാടാന്‍ അവസരം ലഭിച്ച ഗായകനും (ജയസൂര്യ) അയാളെ ഫോണിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുന്ന പെണ്‍കുട്ടി ലയയും (ആഞ്ചല്‍ സബര്‍വാള്‍), കൊച്ചുമകന് പിറന്നാള്‍ സമ്മാനം നല്‍കാന്‍ വൃദ്ധ സദനത്തില്‍ നിന്നിറങ്ങുന്ന മുത്തച്ഛന്‍, മുത്തച്ഛന്റെ ഹജ്ജ് യാത്രക്ക് പണം സംഘടിപ്പിക്കാന്‍ നെട്ടോട്ടമോടുന്ന യുവതി (സബിത ജയരാജ്) എന്നീ നാലു ട്രാക്കുകളിലായുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിന് ജീവനേകുന്നത്.
കഥയുടെ ഒടുവില്‍ ഇവരെല്ലാം എത്തിച്ചേരുന്നത് ദുരന്തങ്ങള്‍ കാത്തിരിക്കുന്ന ട്രെയിനുകളിലാണെന്നാണ് ഇവരെ ചേര്‍ത്തുവെക്കുന്ന പൊതു ഘടകം. ഒടുവില്‍ ആരൊക്കെ ദുരന്തം അതിജീവിക്കുമെന്നതാണ് സിനിമ നല്‍കുന്ന അവസാന ഉത്തരം.
ജയരാജ് ഇത്തവണ കണ്ടുപിടിച്ച അവതരണശൈലി നൂതനമാണ്. പക്ഷേ, അതു വിചാരിച്ചനിലയില്‍ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായോ എന്നത് സംശയമാണ്. കഥാപാത്രങ്ങള്‍ എതാണ്ടെല്ലാ സംഭാഷണവും മൊബൈല്‍ ഫോണിലൂടെയാണ് ഈ ചിത്രത്തില്‍ നടത്തുന്നത്. നേര്‍ക്കുനേരുള്ള സംഭാഷണമേ ഇല്ല.
പശ്ചാത്തല സംഗീതത്തിലൂടെയും ക്യാമറാ ചലനത്തിലൂടെയും സ്ഫോടനങ്ങള്‍ നടക്കാന്‍ പോകുന്നതിന്റെയും അതു തടയാന്‍ ശ്രമിക്കുന്നതിന്റെ പരിമുറുക്കവും ത്രില്ലും പകര്‍ന്നുതരാന്‍ ചിത്രം പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊപ്പം നീങ്ങാന്‍ തിരക്കഥക്ക് കഴിയുന്നില്ല.
കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധവും മറ്റും സംവിധായകന് പ്രേക്ഷകരുടെ മനസിനെ പിടിച്ചുലക്കുന്ന രീതിയില്‍ പറഞ്ഞുവെക്കാനുമാവുന്നില്ല. നിര്‍വികാരതയോടെ ഇത്തരം രംഗങ്ങള്‍ കണ്ടു പോകാനേ പ്രേക്ഷകര്‍ക്ക് കഴിയൂ.
ഒരുപാട് കഥാപാത്രങ്ങള്‍ വിവിധ കഥാട്രാക്കുകളിലായി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഹാജര്‍ വെച്ച് പോകുന്നതുകൊണ്ട് തന്നെ പല ഘട്ടത്തിലും സാധാരണ പ്രേക്ഷകന് ആശയക്കുഴപ്പവുമുണ്ടാകുന്നുണ്ട്. നായകനായ കേദാര്‍നാഥ് എന്ന കഥാപാത്രത്തിന് പോലും ജീവസ്സില്ല. ജയസൂര്യ അവതരിപ്പിക്കുന്ന ഗായകന്റെ കഥാപാത്രമാണ് താരതമ്യേന പ്രേക്ഷകരുമായി കുറച്ചെങ്കിലും ചങ്ങാത്തത്തിലാവുന്നത്.
തീവ്രവാദവും അന്വേഷണവും പോലുള്ള വിഷയം കൈകാര്യം ചെയ്യുന്ന ത്രില്ലറില്‍ ഇത്രയധികം ഗാനരംഗങ്ങള്‍ തിരുകിക്കയറ്റിയതും അതിശയമായി തോന്നും. സാമാന്യം ഭേദപ്പെട്ട ഈണങ്ങളാണ് ശ്രീനിവാസ് ചിത്രത്തിനായി ഒരുക്കിയതെങ്കിലും കാലം തെറ്റി കയറിവരുന്നതിനാല്‍ സിനിമയില്‍ കാണുമ്പോള്‍ പലതും ദഹിക്കില്ല.
വീഡിയോ ലോംഗ് എച്ച്.ഡി.ഡി ഫോര്‍മാറ്റില്‍ ചിത്രീകരിച്ച സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു മുരുക്കുംപുഴയും തനു ബാലക്കുമാണ്. വാര്‍ത്താ ക്യാമറയുടേയും മിനി സ്ക്രീനിന്റേയും ലോകത്ത്നിന്ന് ബിഗ് സ്ക്രീനിലെത്തിയ ഇവര്‍ മോശമാക്കിയില്ല.
ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് ഒരു പരിധിവരെ ത്രില്ലര്‍ പശ്ചാത്തലം നല്‍കുന്നുണ്ട്.
ചുരുക്കത്തില്‍, ഗൌരവകരമായ വിഷയം പുതുമക്ക് വേണ്ടി പലതും പരീക്ഷിക്കുന്ന കൂട്ടത്തില്‍ സംവിധായകന്റെ കൈയില്‍ നിന്ന് വഴുതി പോയതാണ് 'ദി ട്രെയിന്‍' പാളം മാറി ഓടുന്നതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ അതിനുള്ള കാരണം.
No comments:
Post a Comment