ശങ്കര്‍-രജനികാന്ത് കൂട്ടുകെട്ടിന്റെ എന്തിരന്‍ തിയറ്ററുകളില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറുന്ന എന്തിരന്‍ ഒരു ഇംഗ്‌ളീഷ് സിനിമയുടെ കോപ്പിയാണെങ്കിലോ? 1999ല്‍ പുറത്തിറങ്ങിയ ദി ബൈസെന്റന്യല്‍ മാന്‍ എന്ന ഇംഗ്‌ളീഷ് ചിത്രം കണ്ടാല്‍ ഇക്കാര്യം മനസിലാകും. ഇന്ത്യന്‍ സിനിമയില്‍ ഇതൊരു പുതിയ വാര്‍ത്തയല്ല.
ഹോളിവുഡ് സിനിമകളുടെ കഥാതന്തുക്കള്‍വച്ച് നിരവധി ചിത്രങ്ങള്‍ ഇവിടെ വന്നിട്ടുണ്ട്. എന്നാല്‍ ദി ബൈസെന്റന്യല്‍ മാനും എന്തിരനും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല എന്നതാണ് വാസ്‌തവം. ഈ ചിത്രങ്ങളുടെ പോസ്‌റ്റര്‍ ഡിസൈനുകളിലും അവതരണരീതിയില്‍ പോലും ഈ സമാനത കാണാം.
1976ല്‍ പ്രസിദ്ധീകരിച്ച റോബോട്ട് പരമ്പരകളിലെ ദി പോസിട്രോണിക് മാന്‍ എന്ന നോവലാണ് ദി ബൈസെന്റന്യല്‍ മാന്‍ എന്ന സിനിമയുടെ ഉല്‍ഭവം. ഐസക് അസിമോവാണ് രചയിതാവ്. 1999ലാണ് റോബിന്‍ വില്യംസ് മുഖ്യവേഷത്തില്‍ അഭിനയിച്ച ദി ബൈസെന്റന്യല്‍ മാന്‍ പുറത്തിറങ്ങുന്നത്. 1976ല്‍ പ്രസിദ്ധീകരിച്ച ദി ബൈസെന്റന്യല്‍ മാന്‍ എന്ന നോവലിന് ആ വര്‍ഷത്തെ മികച്ച സയന്‍സ് ഫിക്ഷനുള്ള ഹ്യൂഗോ അവാര്‍ഡ്, നെബുല അവാര്‍ഡ് എന്നിവ നേടിയിരുന്നു.
ദി ബൈസെന്റന്യല്‍ മാന്‍-കഥാതന്തു
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭൂമിയിലെ മനുഷ്യജീവിതത്തില്‍, പ്രത്യേകിച്ചും ഒരു തൊഴില്‍സഹായിയായി റോബോട്ടുകള്‍ വിപ്‌ളവകരമായ മാറ്റങ്ങള്‍ വരുത്തും. അതായത് മനുഷ്യന്‍ ചെയ്യുന്ന മിക്ക ജോലികളും റോബോട്ടുകള്‍ ചെയ്യുന്ന അവസ്ഥ വരും.
എന്നാല്‍ സിനിമയിലെ മാര്‍ട്ടിന്‍ കുടുംബത്തിന് സ്വന്തമായുള്ള ആന്ധ്രൂ(മാര്‍ട്ടിന്‍ കുടുംബത്തിന് സ്വന്തമായുള്ള എന്‍ഡിആര്‍ പരമ്പരയിലെ റോബോട്ടാണ് ആന്ധ്രൂ) എന്ന റോബോട്ട് ഒരു ജോലിക്കാരന്‍ എന്നതിന് ഉപരിയായി ആത്‌മാര്‍ത്ഥ സുഹൃത്തും കുടുംബത്തിലെ ഒരംഗത്തെ പോലെയുമാണ്. ആന്ധ്രൂവിന്റെ കാഴ്‌ചപ്പാടിലാണ് ദി ബൈസെന്റന്യല്‍ മാന്‍ എന്ന സിനിമയുടെ കഥ വികസിക്കുന്നത്.
ആദ്യമൊന്നും ആന്ധ്രൂവിന് മാര്‍ട്ടിന്‍ കുടുംബവുമായി പൊരു ത്തപ്പെടാന്‍ കഴിഞ്ഞില്ല. എന്നാല്‍ പതുക്കെ മനുഷ്യരുമായി അടുക്കുകയും ക്രിയാത്‌മകത, വികാരം, സ്വയം ബോധം എന്നിവ കൈവരിക്കുകയും ചെയ്യുന്നു. അതായത് ഒരു മനുഷ്യനെപോലെ പെരുമാറുന്ന അവസ്ഥയിലേക്ക് ആന്ധ്രൂ എത്തുന്നു. പതുക്കെ തന്റെ റോബോട്ടിക് ഭാഗങ്ങള്‍ക്ക് പകരം മനുഷ്യ അവയവങ്ങള്‍ സ്വീകരിക്കുകയും ഒരു യന്ത്രമനുഷ്യന്‍ എന്നതില്‍ നിന്ന് മനുഷ്യനിലേക്കുള്ള മാറ്റം ആരംഭിക്കുകയും ചെയ്യുന്നു. അങ്ങനെ ആന്ധ്രൂ എന്ന റോബോട്ട് നിര്‍മ്മിച്ച് ഇരുന്നൂറ് വര്‍ഷം തികയുന്ന ദിവസം അത് ഒരു പൂര്‍ണ മനുഷ്യനായി മാറുന്നു. ഇതാണ് ദി ബൈസെന്റന്യല്‍ മാന്‍ എന്ന സിനിമയുടെ കഥ.
എന്തിരനും ദി ബൈസെന്റന്യല്‍ മാന്‍ എന്ന ചിത്രവും തമ്മില്‍ കഥയില്‍ അധികം സമാനതകളില്ലെങ്കിലും അവതരണരീതിയിലും മറ്റും ഒരുപോലെയാണ്. എന്തിരനിലെ ചില രംഗങ്ങള്‍ ദി ബൈസെന്റന്യല്‍ മാന്‍ എന്ന ചിത്രത്തില്‍ നിന്നെടുത്തതാണോ എന്നുപോലും തോന്നിപ്പോകും. അതുപോലെ തന്നെ പോസ്‌റ്റര്‍ രൂപകല്‍പനയിലും ഇതേസമാനത കാണാന്‍ കഴിയും. ഏതായാലും ഇത് വിമര്‍ശനപരമായി അവതരിപ്പിക്കുകയല്ല. എന്തെന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് വേണ്ടി ഹോളിവുഡ് ചിത്രങ്ങളുടെ കഥ മോഷ്‌ടിച്ചത് നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ അവതരണരീതിയിലും ചില രംഗങ്ങളിലുമുള്ള സമാനത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നു എന്നേയുള്ളു. രണ്ടു ചിത്രങ്ങളിലെയും സമാനമായ രംഗങ്ങള്‍ ഞങ്ങള്‍ ഇവിടെ കൊടുത്തിട്ടുണ്ട്. ചിലപ്പോള്‍ ഇത് വെറുമൊരു സാമ്യത മാത്രമായിരിക്കാം. വായനക്കാര്‍ക്ക് കണ്ട് വിലയിരുത്താം
No comments:
Post a Comment