ഒരു സിനിമ എങ്ങനെ തട്ടിക്കൂട്ടി തീയറ്ററിലെത്തിച്ച് പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാം എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദേവീദാസന്‍ സംവിധാനം ചെയ്ത 'മഹാരാജാ ടാക്കീസ്'. ഉര്‍വശി മുഖ്യവേഷത്തിലെത്തുന്ന ചിത്രം പറയുന്ന ഒരു ഗ്രാമീണ സിനിമാ കൊട്ടക നടത്തുന്ന നാലു സഹോദരിമാരുടെ കഥയാണ്. നായകനെന്ന് തോന്നിക്കുന്ന വേഷത്തില്‍ ഇടക്ക് മുകേഷും വന്നുപോകുന്നുണ്ട്.
വിമല (ഉര്‍വശി)യുടെയും മൂന്നു സഹോദരിമാരുടേയും നേതൃത്വത്തിലാണ് ഗ്രാമത്തിലെ മഹാരാജാ ടാക്കീസ് നടത്തുന്നത്. ഗംഗ (രാഖി), യമുന (വിദ്യ), ഉണ്ണിമായ (മായ ഉണ്ണി) എന്നീ അനുജത്തിമാര്‍ക്ക് വിമല അച്ഛനും അമ്മയും എല്ലാമാണ്.
ടാക്കീസില്‍ നിന്നുള്ള വുരമാനം കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്. ഈ ടാക്കീസ് കൈക്കലാക്കാന്‍ നാട്ടിലെ പണക്കാരനായ പാപ്പച്ചന്‍ (വിജയരാഘവന്‍) പല കളികളും നടത്തുന്നുണ്ടെങ്കിലും നടക്കുന്നില്ല. ഇതിനിടെ വിമലയുടെയും സഹോദരിമാരുടേയും ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളും അവസാനമുള്ള പരിഹാരവുമാണ് ചിത്രത്തിന്റെ കഥ.
മേല്‍പ്പറഞ്ഞതല്ലാതെ പ്രത്യേകിച്ച് കഥയോ തിരക്കഥയോ സംഭവവികാസങ്ങളോ ഒന്നും ചിത്രത്തിലില്ല. കുറേ രംഗങ്ങളും ഹരിശ്രീ അശോകന്റെ നാലാംകിട തമാശകളും ഒക്കെ ഇടക്ക് നിറച്ചിട്ടുണ്ട്. ഇടക്ക് ദുഖം വരുമ്പോള്‍ നായിക ആലോചിക്കുന്ന ഒരു ഗാനവുമുണ്ട്.
വിമല എന്ന കഥാപാത്രത്തിന്റെ ചെറുപ്പത്തിലുള്ള കാമുകനായാണ് മുകേഷ് അവതരിപ്പിക്കുന്ന വേണുഗോപാല്‍ എന്ന കഥാപാത്രം. കക്ഷി ഇപ്പോള്‍ നാട്ടില്‍ പഞ്ചായത്ത് സെക്രട്ടറിയാണ്. ഒടുവില്‍ പാപ്പച്ചന്റെ അനുജന്‍ സിബി എന്ന 'മൃഗീയ വില്ലന്‍' കഥയിലേക്ക് കടന്നു വരുമ്പോളാണ് ക്ലൈമാക്സ് സംഭവബഹുലമാകുന്നത്!.
ചിത്രത്തെക്കുറിച്ച് അഭിപ്രായം കളഞ്ഞ് സമയം കളയുന്നില്ല. ഒരു തരത്തിലും കണ്ടിരിക്കാനാവാത്ത ചിത്രം. ഇത്തരം ചിത്രത്തിലൊക്കെ ഉര്‍വശിയും മുകേഷുമൊക്കെ എന്തിനു തലവെക്കുന്നു എന്ന് മനസിലാകുന്നില്ല. ഇനിയും ഇതുപോലുള്ള ചിത്രങ്ങള്‍ വന്നാല്‍ മഹാരാജാ ടാക്കീസുപോലുള്ള അനേകം തീയറ്ററുകളുടെ അവസാനത്തിന് മാത്രമേ ഉപകരിക്കൂ.
No comments:
Post a Comment