Your Ad Here

Wednesday, 18 May 2011

വരുന്നത്‌ ചാനല്‍ യുദ്ധം



ഇന്ത്യയുടെ ആകെ വിസ്‌തൃതി പരിഗണിക്കുമ്പോള്‍ കേരളമെന്നത്‌ ഒരു ഇട്ടാവട്ട സംസ്ഥാനമാണ്‌. എന്നാല്‍ ടി വി ചാനലുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ കേരളം ഒരു വലിയ പ്രദേശമായി മാറുന്നു. ഇപ്പോള്‍ തന്നെ പതിനഞ്ചിലധികം ചാനലുകള്‍ ഉള്ള കേരളത്തില്‍ പുതിയതായി എട്ടു ചാനലുകള്‍ കൂടി ഉടന്‍ സംപ്രേക്ഷണം ആരംഭിക്കാന്‍ പോകുകയാണ്‌.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇവിടെ വാര്‍ത്താ ചാനലുകള്‍ക്കാണ്‌ ഏറെ ഡിമാന്‍ഡ്‌. രാഷ്‌ട്രീയത്തോടുള്ള മലയാളികളുടെ താല്‍പര്യമാണ്‌ ഇവിടെ വാര്‍ത്താചാനലുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നത്‌. പുതിയതായി പ്രഖ്യാപിച്ചിട്ടുള്ളതില്‍ രണ്ട്‌ ചാനലുകള്‍ ഒരുമാസത്തിനുള്ളില്‍ സംപ്രേക്ഷണം ആരംഭിക്കും.
ഇപ്പോള്‍ ഏഷ്യാനെറ്റ്‌ന്യൂസ്‌, ഇന്ത്യാവിഷന്‍, മനോരമവിഷന്‍, കൈരളി-പീപ്പിള്‍, ജയ്‌ഹിന്ദ്‌ തുടങ്ങി അഞ്ച്‌ ന്യൂസ്‌ ചാനലുകളാണ്‌ കേരളത്തിലുള്ളത്‌. എം വി നികേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള റിപ്പോര്‍ട്ടര്‍ ചാനലും മാതൃഭൂമിയുടെ ചാനലുമാണ്‌ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നത്‌. ഇതുകൂടാതെ രാജ്‌ടിവി മലയാളം, കേരളകൗമുദി ചാനല്‍, ജമാഅത്ത്‌ ഇസ്‌ലാമി-മാധ്യമം ചാനല്‍, മുസ്‌ലിം ലീഗ്‌ ചാനല്‍- ഐബിസി എന്നിവയാണ്‌ സംപ്രേക്ഷണം ആരംഭിക്കുന്ന മറ്റ്‌ ചാനലുകള്‍. കൂടുതല്‍ ചാനലുകള്‍ വരുന്നതോടെ ഈ രംഗത്തെ മല്‍സരം മുറുകുകയാണ്‌. നിലവില്‍ പരിപാടികളിലെ ഉള്ളടക്കവും വാര്‍ത്താ അവതാരകരെയും മാറ്റാന്‍ ചാനലുകള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്‌. കൈരളി ടി വി എംഡി ജോണ്‍ ബ്രിട്ടാസിന്റെ രാജി ഉള്‍പ്പടെയുള്ള സംഭവവികാസങ്ങള്‍ കേരളത്തിലെ ചാനല്‍ മല്‍സരം മുറുകുന്നതിന്റെ സൂചനയാണ്‌.
റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി വരികയാണ്‌. ഇതിന്‌ മുന്നോടിയായി ഇന്ത്യാവിഷന്‍ ഉള്‍പ്പടെയുള്ള ചാനലുകളിലെ പ്രശസ്‌ത മാധ്യമപ്രവര്‍ത്തകരെ സ്വന്തം കൂടാരത്തില്‍ എത്തിച്ചുകഴിഞ്ഞു. പ്രമുഖ കേന്ദ്രങ്ങളില്‍ ബ്യൂറോയും മറ്റും സ്ഥാപിച്ചിട്ടുണ്ട്‌. മാതൃഭൂമി ചാനലും സംപ്രേക്ഷണത്തിന്‌ തയ്യാറെടുക്കുകയാണ്‌. എന്നാല്‍ വാര്‍ത്തയ്‌ക്കൊപ്പം വിനോദപരിപാടികള്‍ക്ക്‌ കൂടി പ്രാമുഖ്യം നല്‍കിയാണ്‌ മാതൃഭൂമി ചാനല്‍ ആരംഭിക്കുന്നത്‌. ഇലക്‌ട്രോണിക്‌ മീഡിയ ഹെഡ്‌ എം വി ശ്രേയംസ്‌ കുമാറിനാണ്‌ ചാനലിന്റെ ചുമതല.
കേരളത്തിലെ ജനങ്ങള്‍ക്ക്‌ രാഷ്‌ട്രീയത്തോടുള്ള വര്‍ദ്ധിച്ച താല്‍പര്യമാണ്‌ ചാനലുകളുടെ ജനപ്രീതി വര്‍ദ്ധിക്കാന്‍ കാരണം. കേരളരാഷ്‌ട്രീയത്തിലെ ഓരോ ചലനങ്ങളും തല്‍സമയം ജനങ്ങളിലെത്തിക്കാന്‍ ചാനലുകളും ശ്രദ്ധിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ലോകമെമ്പാടുമുള്ള മലയാളികളും വാര്‍ത്താചാനലുകള്‍ സ്ഥിരമായി കാണുന്നവരാണ്‌. തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമൊക്കെ ചൂടോടെ പ്രേക്ഷകരില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്‌ ചാനലുകള്‍. എന്നാല്‍ ഒരേസമയം ഒരുചാനല്‍ മാത്രമെ കാണാന്‍ സാധിക്കു എന്ന പരിമിതിക്കിടെ പുതിയ ചാനലുകള്‍ക്ക്‌ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ എന്ത്‌ തരം ചലനം സൃഷ്‌ടിക്കാനാകുമെന്ന്‌ ഉറ്റുനോക്കുകയാണ്‌ ഈ രംഗത്തെ പ്രമുഖര്‍. പുതിയ ചാനലുകളുടെ വരവ്‌ ഏറെ ആകാംക്ഷയോടെയാണ്‌ നിലവിലുള്ള ചാനലുകളും ഉറ്റുനോക്കുന്നത്‌.


No comments:

Post a Comment