Your Ad Here

Thursday, 26 May 2011

ഇനി ഔപചാരികത മാത്രം



ഒടുവില്‍ അത് സംഭവിച്ചു. വെറും ആറുമാസം മാത്രം നീണ്ട ഒന്നിച്ചുള്ള ദാമ്പത്യം അവസാനിപ്പിക്കാനുള്ള നടപടികള്‍ കാവ്യാ മാധവനും ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയും പൂര്‍ത്തിയാക്കി. ഇനി കോടതി വിധിയുടെ ഔപചാരികത മാത്രം ബാക്കി. ശനിയാഴ്ചയോടെ പരസ്പരം ബാധ്യതകള്‍ ഇല്ലാതെ നിയമപരമായി ഇരുവരും സ്വതന്ത്രരാകും.
കൂടിച്ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് ഇരുവരും എറണാകുളം കുടുംബക്കോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കി. ഇതനുസരിച്ച് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് 28ന് പുറപ്പെടുവിക്കും. വിവാഹസമയത്ത് കാവ്യയില്‍ നിന്ന് സ്ത്രീധനമായി വാങ്ങിയ പണവും സ്വര്‍ണവും നിഷാല്‍ തിരിച്ചുനല്‍കി.  "യോജിച്ചു പോകാന്‍ കഴിയുന്നില്ല, വേര്‍പിരിയാന്‍ സ്വയം തീരുമാനിച്ചതാണ്‌" വിവാഹമോചനക്കേസില്‍ കുടുംബക്കോടതിയുടെ നിയമപ്രകാരമുള്ള ചോദ്യത്തിനു നടി കാവ്യാമാധവനും ഭര്‍ത്താവ്‌ നിഷാല്‍ചന്ദ്രയും ഇങ്ങനെ ഉത്തരം നല്‍കി.
ബുധനാഴ്ച വൈകുന്നേരം നാലുമണിക്കാണ് കുടുംബക്കോടതി കേസ് പരിഗണിച്ചത്. മൂന്നരയോടെതന്നെ വന്‍ മാധ്യമപ്പട കോടതി പരിസരത്ത് എത്തിയിരുന്നു.. കോടതിയിലേക്ക് ആദ്യമെത്തിയത് നിഷാല്‍ചന്ദ്ര ആയിരുന്നു. ഫുള്‍സ്ലീവ് ബനിയനും കറുത്ത ടൈറ്റ് പാന്റും അണിഞ്ഞെത്തിയ നിഷാലിനൊപ്പം സഹോദരന്‍ ഡോ. ദീപക്കും അഭിഭാഷകനായ അഡ്വ. ജോ പോളും ഉണ്ടായിരുന്നു.
അല്പസമയം കഴിഞ്ഞപ്പോള്‍ കാവ്യ മാധവന്‍ എത്തി. വയലറ്റ് ചുരീദാറണിഞ്ഞ് അവാര്‍ഡിന്റെ തിളക്കത്തില്‍ എത്തിയ കാവ്യയെ കാണാന്‍ പുറത്ത് ആരാധകരും തടിച്ചു കൂടി.  നടപടി തുടങ്ങിയശേഷം കോടതി നിര്‍ദേശപ്രകാരം ഇരുവരും കൗണ്‍സലറുടെ മുറിയിലേക്ക് പോയി. തുടര്‍ന്ന് കോടതി മുറിയില്‍ തിരിച്ചെത്തിയ ഇരുവരും വിവാഹമോചനത്തിനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും പരസ്പരം ബാധ്യതകളില്ലെന്നും കോടതിയെ അറിയിച്ചു. തുടര്‍ന്ന്, ഇതുസംബന്ധിച്ച ഉത്തരവ് ഉണ്ടാകുമെന്ന് ജഡ്ജി അറിയിച്ചു.
കോടതിമുറി വിട്ട് ആദ്യം പുറത്തിറങ്ങിയത് നിഷാലായിരുന്നു. ഉടന്‍ മാധ്യമപ്പട നിഷാലിനെ പൊതിഞ്ഞു. "ഒരു കുടുംബത്തിനും ഒരു പയ്യനും  ഇതേപോലൊരു അനുഭവം ഉണ്ടാകരുത്"  എന്ന് പ്രതികരിച്ചശേഷം നിഷാല്‍ചന്ദ്ര പോയി. പിന്നാലെ വന്ന  കാവ്യാ മാധവനെയും ചാനല്‍ ക്യാമറകള്‍ പൊതിഞ്ഞെങ്കിലും ''ഒന്നും ചോദിക്കരുത്" എന്ന് പറഞ്ഞ്  അച്ഛന്‍ പി. മാധവന്‍, അമ്മ ശ്യാമള, അഭിഭാഷകനായ അഡ്വ. എ.വി. തോമസ് എന്നിവര്‍ക്കൊപ്പം കാവ്യയും  മടങ്ങി.
2009 ഫിബ്രവരി അഞ്ചിനായിരുന്നു കാവ്യാ മാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് ആറുമാസത്തിനകം കാവ്യ കുവൈത്തില്‍ നിന്ന് സ്വന്തം വീട്ടില്‍ തിരിച്ചെത്തി.  നിഷാലും കുടുംബാംഗങ്ങളും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി ആരോപിച്ച് കാവ്യ നേരത്തെ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പിന്‍വലിച്ച് പിന്നീട് ഇരുവരും പരസ്പരം സമ്മതിച്ച് സംയുക്തമായി ഹര്‍ജി കൊടുത്തു. കാവ്യയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ പാലാരിവട്ടം പോലീസ് കേസ്സെടുത്തിരുന്നു. മജിസ്ട്രേട്ട്  കോടതിയുടെ പരിഗണനയിലുള്ള ഈ കേസ് ബുധനാഴ്ച ഹൈക്കോടതി റദ്ദാക്കി. ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണിത്.
വിവാഹമോചനം തേടാന്‍ തീരുമാനിച്ചശേഷം കാവ്യ സിനിമയില്‍ സജീവമായിരുന്നു. കഴിഞ്ഞവര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും കാവ്യ അടുത്തിടെ നേടിയിരുന്നു.

No comments:

Post a Comment