Your Ad Here

Saturday, 28 May 2011

രജനിയ്ക്ക് സിംഗപ്പൂരില്‍ ഒരുമാസത്തെ ചികിത്സ

അനാരോഗ്യം മൂലം സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോയ തമിഴ് സൂപ്പര്‍ താരം രജനീകാന്തിനു അവിടെ നല്‍കുന്നത് ഒരു മാസത്തെ വിദഗ്ധ ചികിത്സ. സിംഗപ്പൂരിലെനാഷണല്‍ കിഡ്‌നിസെന്ററിലാണ്‌ രജനീകാന്തിനു ചികിത്സ നല്‍കുന്നത്. താരത്തിന്റെ ചികിത്സയും വിശ്രമവും പരിഗണിച്ചു പുതിയ ബിഗ്‌ ബജറ്റ് ചിത്രമായ 'റാണ' താല്‍ക്കാലികമായി നിര്‍ത്തിവച്ചു.    
 ആരാധകരുടെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ച്‌ വെള്ളിയാഴ്ച രാത്രിയിലാണ് രജനീകാന്തിനെ വഹിച്ചുകൊണ്ട് വന്ന ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തിലെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ശ്രീ രാമചന്ദ്ര ആശുപത്രിയില്‍ നിന്ന് രജനിയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. സിനിമ സ്റ്റൈലില്‍ തന്നെയായിരുന്നു താരത്തെ കൊണ്ടുവന്നത്.  രജനിയെ കാത്ത് നിന്ന മാധ്യമ പട വിമാനത്താവളത്തിന്റെ അഞ്ചും ആറും ഗേറ്റുകളില്‍ നിലയുറപ്പിച്ചപ്പോള്‍ രണ്ടാം നമ്പര്‍ കാര്‍ഗോ ഗേറ്റിലൂടെ രജനിയുടെ ആംബുലന്‍സ് വിമാനത്താവളത്തിലെത്തുകയായിരുന്നു.
രജനി സിംഗപ്പൂരിലേക്ക് പോകുന്നു എന്നറിഞ്ഞ് കാത്ത് നിന്ന ആരാധകരോട് കൈവീശിയാണ് രജനി സിംഗപൂര്‍ എയര്‍‌ലൈന്‍സ് വിമാനത്തില്‍ കയറിയത്. രജനിക്കൊപ്പം പുത്രിമാരായ ഐശ്വര്യയും സൗന്ദര്യയും മരുമകനും നടനുമായ ധനുഷും സിംഗപ്പൂരിലേക്ക് പോയി. ഭാര്യ ലത ശനിയാഴ്ച എത്തും.

രജനീകാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ല എന്ന് ശ്രീ രാമചന്ദ്ര ആശുപത്രിയധികൃതര്‍ പറഞ്ഞു. രജനിക്ക് പരിപൂര്‍ണ്ണ വിശ്രമം വേണം. വിശ്രമത്തിനും ചില പരിശോധനകള്‍ക്കുമായാണ് വിദേശത്തേക്ക് പോകുന്നത് എന്നും ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രജനിയ്ക്ക് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്ക് ലത നന്ദി പറഞ്ഞു.
ശ്വാസതടസ്സവും കുടല്‍ സംബന്ധമായ അസുഖവും കാരണം രജനിയെ അടുപ്പിച്ച് രണ്ട് തവണ സെന്റ് ഇസബെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മെയ് 13 ന് ആണ് ശ്രീ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് നെഞ്ചിലെ നീര്‍ക്കെട്ട് മാറ്റാന്‍ ലഘു ശസ്ത്രക്രിയ നടത്തുകയും ഹീമോ ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് തങ്ങളുടെ പ്രിയതാരത്തിന്റെ ആരോഗ്യത്തിനായി പ്രാര്ഥനയും വഴിപാടുമായി കഴിയുന്നത്.

No comments:

Post a Comment