Your Ad Here

Wednesday, 31 August 2011

Tejabhai and family



ദീപു കരുണാകരന്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത 'തേജാഭായ് ആന്റ് ഫാമിലി' പലതവണ കണ്ട സ്ലാപ് സ്റ്റിക് കോമഡി ചിത്രങ്ങളുടെ പുനരാവിഷ്കാരമാണ്. യുക്തിക്ക് നിരക്കുന്ന യാതൊന്നും പ്രതീക്ഷിക്കണമെന്ന് സംവിധായകന്‍ പോലും അവകാശപ്പെടാത്ത ഈ ചിത്രം അത് ലക്ഷ്യമാക്കുന്ന പ്രേക്ഷകരെ അത്രയ്ക്കൊന്നും വെറുപ്പിക്കില്ല. എങ്കിലും പുതുമയുള്ള രംഗങ്ങളോ നര്‍മമുഹൂര്‍ത്തങ്ങളോ പ്രതീക്ഷിച്ചാല്‍ നിരാശയാകും ഫലം.


മലേഷ്യയിലെ യുവ അധോലോക രാജാവാണ് തേജാഭായ് (പൃഥ്വിരാജ്). തേജ വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല. (വേണമെങ്കില്‍ ഹിന്ദി ഡോണിന് തമിഴ് ബില്ലയില്‍ മലേഷ്യയിലുണ്ടായ പുത്രന്‍ എന്നു പറയാം). അങ്ങനെയുള്ള തേജക്ക് സാമൂഹിക പ്രവര്‍ത്തക വേദിക (അഖില)യോട് പ്രണയം. ഇതിനായി അവള്‍ക്ക് മുന്നില്‍ താനും ഒരു പരസഹായി ആണെന്നും സാമൂഹിക പ്രവര്‍ത്തകനാണെന്നും കാണിക്കാന്‍ റോഷന്‍ വര്‍മ എന്ന പേരില്‍ ശ്രമമായി പിന്നീട്. പ്രേമം ശരിയായപ്പോള്‍ വേദികയുടെ അച്ഛന്റെ പ്രീതി പിടിച്ചുപറ്റിയാലേ കല്യാണം നടക്കൂ എന്നായി. നല്ല കുടുംബ പശ്ചാത്തലവും സ്വഭാവഗുണവുമുള്ള യുവാവിനേ മകളെ നല്‍കൂ എന്ന് നിര്‍ബന്ധമുള്ളയാളാണ് ദാമോദര്‍ജി (തലൈവാസല്‍ വിജയ്). 


ഇതിനായി കുടുംബത്തെ സംഘടിപ്പിക്കാന്‍ സ്വാമി വശ്യവചസിനൊപ്പം (സുരാജ് വെഞ്ഞാറമൂട്) തിരുവനന്തപുരത്തേക്ക് തേജയും കൂട്ടരും തിരിക്കുന്നു. അവിടെ ഒരു പാട് തട്ടിപ്പുകാരെ ഒരുമിച്ച് കൂട്ടി ഒരു ഫാമിലി സെറ്റപ്പ് ഒരുക്കുന്നതും നാട്ടിലെത്തുന്ന വേദികയെയും പിതാവിനെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് പിന്നീടങ്ങോട്ട്...


അടുത്തിടെ 'സെന്‍സ്ലെസ് കോമഡി എന്റര്‍ടെയ്നര്‍' ഗണത്തില്‍ നിരവധി ചിത്രങ്ങള്‍ വിജയം നേടിയതിന്റെ ബലത്തിലാകാം സംവിധായകന്‍ ദീപു ഈ ചിത്രം പരീക്ഷിച്ചത്. അദ്ദേഹം തന്നെ യാതൊരു യുക്തിയും പുതുമയും ഇല്ലാത്ത 'ക്രേസി ഗോപാലന്‍' പോലൊരു ചിത്രം മുമ്പ് വിജയിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ സ്ഥിരം സ്ലാപ്സ്റ്റിക് കോമഡി വീണ്ടും വീണ്ടും സ്ക്രീനിലെത്തിക്കുമ്പോള്‍ മേമ്പൊടിക്ക് എന്തെങ്കിലും പുതുമ വന്നിരുന്നെങ്കില്‍ നന്നായേനേ. ചിത്രത്തിനു പറയാന്‍ പ്രത്യേകിച്ചൊരു കഥയില്ല, രണ്ടാം പകുതിയിലെ തിരക്കഥയിലെ കെട്ടുറപ്പില്ലായ്മ, ക്ലൈമാക്സിലെ ബലഹീനത എന്നിവയാണ് ദീപുവിന്റേതായി ചൂണ്ടിക്കാട്ടാവുന്ന പോരായ്മകള്‍. 


അഭിനേതാക്കളില്‍ പൃഥ്വിരാജ് ഡോണ്‍ വേഷത്തില്‍ മികച്ചു നിന്നു. റോഷന്‍ വര്‍മയായി നാട്ടിലെത്തിയ ശേഷം അല്‍പം ഒതുങ്ങിയ പ്രകടനമായിരുന്നു. പൃഥ്വിക്ക് സംവിധായകന്‍ നിയന്ത്രിതമായേ നര്‍മരംഗങ്ങള്‍ നല്‍കിയിട്ടുള്ളൂ. ഹാസ്യവിഭാഗം, നല്ലതും വളിപ്പും, നയിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്. ചിലവ തീയറ്ററുകളില്‍ നന്നായി ചിരിയുയര്‍ത്തുന്നുണ്ട്. ആദ്യാവസാനം സുരാജിന്റെ വശ്യവചസാണ് നര്‍മരംഗങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. ജഗതി ശ്രീകുമാര്‍, സലീംകുമാര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ജഗദീഷ്, മഞ്ജു പിള്ള തുടങ്ങി വന്‍ ഹാസ്യതാരനിരയുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും കാര്യമായി ചെയ്യാനില്ല. സലീംകുമാര്‍ സ്കോര്‍ ചെയ്യുന്ന ഏക രംഗം മഹാഭാരത കഥ സ്വന്തം കുടുംബ കഥയായി അവതരിപ്പിക്കുമ്പോഴാണ്. 


നായിക അഖിലയുടേതും വില്ലന്‍ സുമന്റേതും അഭിനയപ്രാധാന്യ വേഷമൊന്നുമല്ല. തലൈവാസല്‍ വിജയ് മോശമാക്കിയില്ല. ഷക്കീലയുടേയും ഭീമന്‍ രഘുവിന്റെയും രംഗങ്ങള്‍ പടത്തിന് പ്രത്യേകിച്ച് ഗുണമൊന്നും നല്‍കില്ല. 


ഷാംദത്തിന്റെ ക്യാമറ കോലാലംപൂരിന്റെ മികച്ച ദൃശ്യങ്ങള്‍ നല്‍കി. ദീപക് ദേവിന്റെ ഗാനങ്ങള്‍ നിരാശപ്പെടുത്തി. നന്നായത് 'ഒരു മധുരക്കിനാവിന്‍' റീമിക്സ് മാത്രമാണ്. നായകനെ അവതരിപ്പിക്കുമ്പോഴുള്ള പശ്ചാത്തല സംഗീതം അദ്ദേഹം ഡോണില്‍ നിന്നും മമ്മൂട്ടിയുടെ രൌദ്രത്തില്‍ നിന്നും കണ്ണുമടച്ച് പകര്‍ത്തിവെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അത് നന്നായിട്ടുണ്ട്. 


കാര്യമായി കാമ്പ് അവകാശപ്പെടാനില്ലാതെ രണ്ടര മണിക്കൂര്‍ യുക്തിരഹിത കോമഡി എന്റര്‍ടെയ്നറാണ് സംവിധായകന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നതിനാല്‍ ചിത്രത്തിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ല. കാര്യസ്ഥനും പോക്കിരിരാജയും ചൈനാടൌണും വരെ ഇഷ്ടപ്പെടാന്‍ മലയാളിയുടെ പ്രബുദ്ധ മനസു തയാറാകുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ ഭേദമായ 'തേജാഭായി'ക്കും വിജയപ്രതീക്ഷ പുലര്‍ത്താം. 

No comments:

Post a Comment