സുരേഷ് ഗോപി, ഐപിഎസ്, ഐഎഎസ്, രാഷ്‌ട്രീയം, അധോലോകം...ഇവ സമ്മേളിച്ച എത്ര ചിത്രങ്ങള്‍ ഇറങ്ങിക്കാണുമെന്നു പ്രേക്ഷകര്‍ക്ക് പോലും തിട്ടം കാണില്ല, വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും സുരേഷ് ഗോപിയെ ഏകലവ്യനും കമ്മീഷണറും ആക്കാനെ സിനിമാക്കാര്‍ താല്‍പ്പര്യപ്പെടുന്നുള്ളൂ. ഫലമോ താരം പഴയ വേഷങ്ങള്‍ വീണ്ടും വീണ്ടും എടുത്തണിയുന്നു. പറഞ്ഞുവരുന്നത് ആക്ഷന്‍ കിങ്ങിന്റെ പുതിയ ചിത്രമായ കളക്ടറിനെക്കുറിച്ചാണ്. സിനിമ ഇറങ്ങിയത് ഇപ്പോഴാണെങ്കിലും തൊണ്ണൂറുകളിലെ ഫോര്‍മുലകലാണ് സംവിധായകന്‍ അനില്‍ സി മേനോന്‍ ഇവിടെ പരീക്ഷിച്ചിരിക്കുന്നത്.
മോളിവുഡിന്റെ ഇപ്പോഴത്തെ ട്രെന്റ് 'കൊച്ചി അധോലോക'മാണ്. സമീപകാലത്ത് ഇറങ്ങിയ നിരവധി ചിത്രങ്ങള്‍ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളുടെയും റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും കവറേജ് നടത്തിക്കഴിഞ്ഞതാണ്. സിനിമാക്കാര്‍ തന്നെ ഫലത്തില്‍ ഇപ്പോള്‍ കൊച്ചിയെ വലിയൊരു അധോലോകമായി മാറ്റിയിരിക്കുന്നു.
കൊച്ചി നഗരത്തിലെ ഒരു റിയല്‍ എസ്റ്റേറ് മാഫിയയും എറണാകുളം കളക്ടറും തമ്മിലുള്ള രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ വിഷയം. കൊച്ചി നഗരത്തിലെ കിരീടം വയ്ക്കാത്ത റിയല്‍ എസ്റ്റേറ് രാജാവാണ് ന്യൂ ഇന്ത്യന്‍ ബില്‍ഡേഴ്‌സ് ഉടമ വില്യംസ് (അനില്‍ ആദിത്യന്‍). മന്ത്രി മാത്തച്ചന്‍ (കലാശാല ബാബു), സിറ്റി പൊലീസ് കമ്മീഷണര്‍ ജോര്‍ജ്ജ് മാത്യൂസ് (ബാബുരാജ്). മേയര്‍(മോഹിനി)എന്നിവരെല്ലാം അയാളുടെ അനുചരന്‍മാര്‍. കൊച്ചിയിലെ ഭൂ മാഫിയയെ അമര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി (ജനാര്‍ദ്ദനന്‍) ഡല്‍ഹിയില്‍ നിന്നും അവിനാഷ് വര്‍മ്മയെ(സുരേഷ് ഗോപി) കൊണ്ടുവരുന്നു. എറണാകുളം കളക്ടറായി സ്ഥാനം ഏറ്റെടുക്കുന്ന കളക്ടര്‍ 'പണി' തുടങ്ങുന്നു. മറുവശത്ത് വില്യംസിന്റെ മൂത്ത സഹോദരന്‍ ജോണ്‍ ക്രിസ്‌റ്റഫര്‍(രാജീവ്) കൂടി എത്തുന്നതോടെ രംഗം കൊഴുക്കുന്നു. തുടര്‍ന്ന് സംഹാര താണ്ഡവം തന്നെ നടക്കുന്നു.
മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ ചിത്രം എത്തിക്കാനായത് ഇപ്പോഴാണ്. മൂന്നാര്‍ ഓപ്പറേഷന്റെ സ്വാധീനത്തില്‍ പിറന്ന ചിത്രമാണിത്. അന്നായിരുന്നെങ്കില്‍ കുറേക്കൂടി ശ്രദ്ധ ഇടാമായിരുന്നു. രാഷ്ട്രം എന്ന ചിത്രത്തിന് ശേഷം അനില്‍ സി മേനോനും സുരേഷ് ഗോപിയും ഒന്നിച്ച ഈ ചിത്രം ഏതാണ്ട് അതേ പശ്ചാത്തലത്തില്‍ ഉള്ളത് തന്നെ. നായകനെ രാജപരമ്പരയില്‍പ്പെട്ടയാളാക്കി നിലനിര്‍ത്താന്‍ ചിത്രത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നെടുമുടി വേണു, ബിജു പപ്പന്‍, ടി പി മാധവന്‍, കൃഷ്‌ണകുമാര്‍, അബുസലിം, യാമിനി ശര്‍മ്മ, കവിയൂര്‍ പൊന്നമ്മ മങ്കാ മഹേഷ്, അംബികാ മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
നായികയില്ലാത്ത ചിത്രം എന്ന ഗുണമുണ്ട് കളക്ടര്‍ക്ക്. നായികയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട മോഹിനിയ്ക്ക് മറ്റു താരങ്ങളുടെ പ്രാധാന്യം പോലും ലഭിച്ചില്ല. സുരേഷ് ഗോപി തന്റെ പഴയ വേഷങ്ങളുടെ അച്ചിനുള്ളില്‍ ഒതുങ്ങി. അനില്‍ ആദിത്യന്‍, രാജീവ് എന്നിവരുടെ വില്ലന്‍ വേഷങ്ങള്‍ ക്രൂരത നിറഞ്ഞതായിരുന്നു. നല്ല പഞ്ചുള്ള സംഭാഷണങ്ങള്‍ നല്‍കാന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടില്ല.
സുരേഷ് ഗോപിയുടെ പൊളിറ്റിക്കല്‍ ത്രില്ലറില്‍ പാട്ടിന് എന്താണ് കാര്യം? അതിനെ ശരിവയ്ക്കുന്നതാണ് ഗിരീഷ് പുത്തഞ്ചേരിയും സുധാംശുവും എഴുതി രഘു കുമാര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍. ഛായാഗ്രഹണം മനോജ് പരമഹംസയും ഗുണശേഖരനും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. അബ്ദുള്‍ അസീസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ വര്‍ഷം കാണിച്ചില്ലായിരുന്നെങ്കില്‍ ഈ പടം സുരേഷ് ഗോപിയുടെ പഴയ ഏതോ സിനിമയായി പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചേനെ.
വാതില്‍പ്പുറം
പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തിനു സുരേഷ് ഗോപിയുടെ പ്രതികരിക്കുന്ന നായകനെ ഒരിക്കല്‍ക്കൂടി കാണാന്‍ ലഭിച്ചിരിക്കുന്ന അവസരമാണു കളക്ടര്‍. 'എത്ര നല്ല നടക്കാത്ത സ്വപ്നം' എന്ന് തോന്നാമെങ്കിലും വെടിയും പടയുമായി ടപ്പേ..ടപ്പേന്ന് പടം പെട്ടെന്ന് തീരുമെന്ന മെച്ചമുണ്ട്.
No comments:
Post a Comment