Your Ad Here

Friday 26 August 2011

Jagathy Sreekumar സ്പീക്കിംഗ്

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാര്‍ സംസാരിക്കുന്നു‍.


വീട്

തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് ഉള്ളപ്പോള്‍ എനിക്കു വലിയ സന്തോഷമാണ്. കാരണം ആ കാലങ്ങളില്‍ എന്റെ കുടുംബത്തോടൊപ്പം കഴിയാം. എന്നാലും, ആ സമയങ്ങളില്‍ എന്റെ കുട്ടികളെ ‘കാണാന്‍’ മാത്രമേ പറ്റൂ.. സംസാരിക്കാന്‍ കഴിയാറില്ല.



രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ലൊക്കേഷനില്‍ പോകും. വൈകുന്നേരം പത്തു മണിക്കേ വീട്ടിലേക്കു തിരിക്കാന്‍ പറ്റാറുള്ളു. അപ്പോഴേക്കും കുട്ടികള്‍ ഉറങ്ങിക്കാണും. അങ്ങനെ പത്തു ദിവസം തുടര്‍ച്ചയായി വീട്ടിലുണ്ടായിരുന്ന സമയത്തു പോലും മക്കള്‍ ചോദിച്ചിട്ടുണ്ട്, അച്ഛന്‍ എപ്പോള്‍ വന്നെന്ന്!

കുട്ടികളുടെ കാര്യം നോക്കി അവരെ വളര്‍ത്തിയത് ഭാര്യയാണ്. ഷൂട്ടിങ് തിരക്കിനിടയില്‍ മക്കളെ അപൂര്‍വമായി മാത്രമേ വിളിക്കാറുള്ളു. പക്ഷേ, അവരുടെ അമ്മയില്‍ നിന്ന് എല്ലാ കാര്യങ്ങളും അറിയാറുണ്ട്. ജീവിതത്തിലെ ഏറിയ പങ്കും ഞാന്‍ നിര്‍മാതാക്കള്‍ക്കു വേണ്ടിയാണ് ഉപയോഗിച്ചത്.

ഷൂട്ടിങ്ങ് തിരക്കിനിടയില്‍ എപ്പോഴെങ്കിലും രണ്ടു ദിവസം കിട്ടി വീട്ടിലെത്തിയാല്‍ ഏതെങ്കിലും സുഹൃത്ത് വന്നു വിളിക്കും, ഒരു നാട മുറിക്കാനോ അല്ലെങ്കില്‍ ഏതെങ്കിലും ഫങ്‌ഷനോ ഒക്കെ. ഒരിക്കലും ഒഴിച്ചു കൂടാന്‍ പറ്റാത്ത സുഹൃത്തായതിനാല്‍ അതിനു പോകേണ്ടി വരും. അവിടെ വച്ച് മറ്റാരെയെങ്കിലും കാണും. അടുത്ത ദിവസം അവരും വിളിക്കും. അങ്ങനെ രണ്ടു ദിവസവും പോകും.

മൊബൈല്‍ ഫോണും സഹായിയും ഇല്ലാത്ത നടന്‍

ഒരു പക്ഷേ, സിനിമാചരിത്രത്തില്‍ തന്നെ ഇങ്ങനെ ഒരു പദവി എനിക്കു മാത്രമായിരിക്കും. എനിക്കു പേഴ്‌സണല്‍ സെക്രട്ടറിയോ മാനേജരോ ഇല്ല. ഞാനും എന്റെ പേഴ്‌സണല്‍ ഡയറിയുമാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. പരിപാടികള്‍ ഡയറിയില്‍ കുറിച്ചിടും. സമയമാകുമ്പോള്‍ ബൂത്തില്‍ നിന്ന് വിളിച്ച് കാര്യം പറയും.

മൊബൈല്‍ ഉപയോഗിക്കുന്ന ശീലമില്ല. അതുകൊണ്ട് യാതൊരു വിഷമവും ഉണ്ടായിട്ടുമില്ല. എന്നെ കിട്ടേണ്ടവര്‍ വീട്ടില്‍ വിളിച്ചാല്‍ ഭാര്യയോ മക്കളോ ഞാന്‍ എവിടെയുണ്ടെന്ന് വ്യക്തമായി പറയും. എന്റെ താമസമാറ്റത്തേക്കുറിച്ച് ദിവസവും വീട്ടില്‍ വിളിച്ച് അറിയിക്കാറുണ്ട്. എന്നെ തന്നെ കിട്ടിയേ തീരൂ എന്നുള്ളവര്‍ക്ക് ശ്രമിച്ചാല്‍ എന്നെത്തന്നെ കിട്ടാറുണ്ട്. അല്ലാത്തവര്‍ക്ക് എന്നെ കിട്ടില്ല. അല്ലാത്തവര്‍ക്ക് എന്തിനു കിട്ടണം?

ഞാന്‍ സഹായികളേയും കൂടെ നിര്‍ത്താറില്ല. ലൊക്കേഷനില്‍ ഡയറക്ടര്‍ ലഞ്ച് ബ്രേക്ക് പറയുമ്പോള്‍ ആരെങ്കിലും ഭക്ഷണം കൊണ്ടു തരും എന്നു കരുതി ഞാന്‍ ഇരിക്കാറില്ല. ഒരു പ്ലേറ്റെടുത്തു കഴിക്കും. ഭക്ഷണത്തിനു വേണ്ടിയാണ് ഞാന്‍ ജോലി ചെയ്യുന്നത്. പഴയ കാലം, ആഹാരം പാകം ചെയ്യുന്ന അടുക്കളയില്‍ പോയിരുന്നാണ് ഞാന്‍ ഭക്ഷണം കഴിച്ചിരുന്നത്. സ്വയം എടുത്തു കഴിക്കുമ്പോള്‍ ആവശ്യമുള്ളതു മാത്രം എടുക്കാം. ആവശ്യമില്ല്ലാത്തത് എടുക്കണ്ട. ഭക്ഷണം വെയിസ്റ്റാക്കരുതെന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍.

എല്ലാം ഡബിള്‍ (പ്രതിഫലം ഒഴികെ)!

ഷൂട്ടിങ്ങിനായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ രണ്ടു പെട്ടി കൊണ്ടു വരാറുണ്ട്. ഒരു വലിയ പെട്ടിയും ഒരു ചെറിയ പെട്ടിയും. വലിയ പെട്ടി കേരളത്തിന്റെ നടുക്കുള്ള സ്ഥലമായ എറണാകുളത്ത് വയ്ക്കും. പെട്ടെന്ന് ഷൂട്ടിങ്ങിനായി കണ്ണൂരോ കോഴിക്കോട്ടോ പോകണമെങ്കില്‍ മെയിന്‍ ബോക്സില്‍ നിന്ന് രണ്ടു ദിവസത്തിനു വേണ്ട സാധനങ്ങളും കൊണ്ടുപോകും. ടവല്‍, ടൂത്ത് ബ്രഷ്, ഡ്രസ്... എല്ലാം ഐറ്റവും എനിക്കു രണ്ടാണ്; പ്രതിഫലം ഒഴികെ.

സിനിമാലോകം

സിനിമാലോകത്ത് ഇല്ലാത്തത് ഉണ്ടെന്നു പറയാനും ഉള്ളതെല്ലാം ഇല്ലെന്ന് പറയാനുമാണ് പലര്‍ക്കും താല്പര്യം. കലാകാരന്മാരുടെ ശൂന്യത ഇന്നത്തെ സാഹചര്യത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. പഴയ തലമുറയില്‍ പെട്ട ഒരാ‍ള്‍ എന്ന നിലയില്‍ ആ കാര്യത്തില്‍ ദു:ഖമുണ്ട്; നിരാശയും.

പുതിയ തലമുറയില്‍ ദിലീപ് കഴിഞ്ഞാല്‍ വളരയധികം പ്രതീക്ഷ അര്‍പ്പിക്കാന്‍ പറ്റിയ നടനെ ഞാന്‍ കണ്ടിട്ടില്ല. ദിലീപിന് ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയുണ്ട്. സ്വന്തമായ ഒരു ലോകം സൃഷ്ടിച്ച് അതിനു ചുറ്റും തനിക്കു വഴങ്ങുന്ന കുറച്ചു പേരെ നിര്‍ത്തിക്കൊണ്ടു പോകണമെന്നല്ല, കഥയ്ക്കു പറ്റിയ പ്രഗത്ഭരെ തിരഞ്ഞെടുക്കാന്‍ ദിലീപ് നിര്‍മാതാക്കളോടു പറയാറുണ്ട്. അനുയോജ്യമല്ലാത്ത കഥാപാത്രങ്ങളെ പേറുന്ന താരങ്ങളെ പ്രേക്ഷകര്‍ പുറംതള്ളുമെന്ന് ആ നടന് അറിയാം. ബാക്കിയുള്ളവര്‍ അവരുടെ ഭാഗം ഭംഗിയാക്കാനാണ് ആഗ്രഹിക്കുന്നത്.

സിനിമ പ്രേക്ഷകരെ മറക്കരുത്

നല്ല നടന്മാരെയും സംവിധായക്കരെയും തിരക്കഥാകൃത്തുക്കളെയും പ്രേക്ഷകര്‍ക്ക് അറിയാം. നല്ലതിനെ എന്നുമവര്‍ സ്വീകരിക്കും. പ്രഗത്ഭ തിരക്കഥാകൃത്തുക്കളുടെ മോശം ചിത്രങ്ങള്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ നവാഗതനായ ബ്ലസിയുടെ ‘കാഴ്ച’ പ്രേക്ഷകര്‍ കൈ നീട്ടി സ്വീകരിച്ചിട്ടുണ്ട്. സിനിമക്കാര്‍ തെറ്റുകള്‍ തിരിച്ചറിയാന്‍ പഠിക്കേണ്ടതുണ്ട്. പ്രേക്ഷകരെ കുറ്റം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ശരിയല്ല.

സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി ഒരിക്കലും പ്രേക്ഷകന്‍ സമ്മാനിക്കുന്നതല്ല. താരങ്ങള്‍ സമ്മാനിക്കുന്നതാണ്. കലാകാരന്റെ റേഞ്ച് എത്രമാത്രമുണ്ടെന്ന് പരിഗണിച്ചാകണം സൂപ്പര്‍ സ്റ്റാര്‍ പദവി നല്‍കേണ്ടത്. അങ്ങനെയാകുമ്പോള്‍, ഞാന്‍ പറയും ഞാ‍നൊരു സൂപ്പര്‍ സ്റ്റാറണെന്ന്. തില്ലകന്‍ ചേട്ടനും സൂപ്പര്‍ സ്റ്റാറാണ്. ഞങ്ങള്‍ക്കൊന്നും ഇവിടെ ഫാന്‍സ് അസോസിയേഷന്‍ ഇല്ല. എന്നാലും ഞാന്‍ പറയുന്നു, ഞാനൊരു സൂപ്പര്‍ സ്റ്റാറാണ്.

അഭിനയം

ഒരു നടന് ആഗ്രഹങ്ങള്‍ക്കതിരില്ല. ഉണ്ടായിരിക്കരുത്. വ്യത്യസ്തമായ വേഷങ്ങള്‍ക്കാണ് ഞാന്‍ കാത്തിരിക്കുന്നത്. ആയിരത്തി ഒരുനൂറിലധികം ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലും മോശം ചിത്രങ്ങളിലും അഭിനയിച്ചു. ആ കൂട്ടത്തില്‍ സംതൃപ്തി നല്‍കിയ സംവിധായകര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ഒരു പ്രഗത്ഭ സംവിധായകന്റെ ചിത്രത്തിലെ നല്ല കഥാ‍പാത്രത്തെ കിട്ടുന്നതാണ് ഒരു നടന്റെ വലിയ സംതൃപ്തി. ആ സംതൃപ്തി എനിക്കു കിട്ടുന്നില്ല. അതു കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ. ആരോഗ്യമുള്ള കാലത്തോളം അഭിനയിക്കാ‍നാണ് എന്റെ മോഹം.

ലേറ്റെസ്റ്റ് ആയി ജഗതി ചേട്ടന്റെ വക ഒരു അടിപ്പൊളി പെര്‍ഫോര്‍മന്‍സ്‌:

No comments:

Post a Comment