ടി.വി ചന്ദ്രന്റെ പതിവു ശൈലിയില്‍ നിന്ന് വ്യത്യസ്ത അവകാശപ്പെട്ട് തീയറ്ററുകളിലെത്തിയ 'ശങ്കരനും മോഹനനും'അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് അവകാശപ്പെടാവുന്ന മേന്‍മക്ക് ഒരു അപവാദമാണ്. ഒറ്റവരി കഥയില്‍ തുടങ്ങി അവസാനിക്കുമ്പോഴും വേറൊന്നും പറയാനാവാതെ 'ശങ്കരനും മോഹനനും' പ്രേക്ഷകന് സമ്മാനിക്കുന്നത് അസ്വസ്ഥതയാണ്.
വിവാഹപ്പിറ്റേന്ന് പാമ്പുകടിയേറ്റ് അധ്യാപകനായ ശങ്കരന്‍ നമ്പ്യാര്‍ മരിക്കുന്നു. തുടര്‍ന്ന് അനിയന്‍ മോഹനകൃഷ്ണന് ജ്യേഷ്ഠന്‍ തന്നെ പിന്‍തുടര്‍ന്ന് എന്തോ പറയാന്‍ ശ്രമിക്കുന്നതായി തുടര്‍ച്ചയായി അനുഭവപ്പെടുന്നു. ഒരു ദിവസം മാത്രം കൂടെ കഴിഞ്ഞ ഭാര്യ രാജലക്ഷ്മി (മീരാ നന്ദന്‍) യെ താന്‍ അഗാധമായി സ്നേഹിക്കുന്നെന്നും ഇക്കാര്യം അവളെ അറിയിക്കണമെന്നും പറയാനാണ് ശങ്കരന്‍ പിന്നാലെ കൂടിയതെന്ന് മോഹനന്‍ മനസിലാക്കുന്നു.
എന്നാല്‍ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ പല തവണ പറഞ്ഞിട്ടും ജ്യേഷ്ഠന്റെ സാന്നിധ്യം വെറുമൊരു തോന്നലായി തള്ളിക്കളയാന്‍ മോഹനന് കഴിയുന്നില്ല. അതുപോലെതന്നെ ശങ്കരന്‍ പറയാന്‍ ഏല്‍പ്പിച്ചത് ചേടത്തിയമ്മയായ രാജലക്ഷ്മിയോട് തുറന്ന് പറയാനും അയാള്‍ക്കാവുന്നില്ല. അതുകൊണ്ട് തന്നെ അതു പറയിക്കാന്‍ പല രൂപത്തില്‍ ശങ്കരന്‍ മോഹനന്റെ മുന്നിലെത്തുന്നു. തുടര്‍ന്ന് മോഹനകൃഷ്ണന്റെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് കഥയില്‍ പിന്നങ്ങോട്ട്.
മേല്‍പ്പറഞ്ഞ കഥാതന്തുവില്‍ പറയുന്നതില്‍ കൂടുതലൊന്നും സിനിമ നീങ്ങുന്നതിനനുസരിച്ച് കഥയില്‍ വികസിപ്പിക്കാന്‍ തിരക്കഥക്കും സംവിധായകനും കഴിയുന്നില്ല എന്നതാണ് പ്രധാന ന്യൂനത. ജ്യേഷ്ഠന്‍ മരണാനന്തരം ഭാര്യയോടുള്ള ഇഷ്ടം അറിയിക്കാന്‍ ശ്രമിക്കുന്നു എന്നതല്ലാതെ ഉപകഥകളൊന്നും കാര്യമായി വികസിക്കുകയോ പൂര്‍ണമായൊരു ചിത്രം പ്രേക്ഷകന് നല്‍കുകയോ ചെയ്യുന്നില്ല.
മോഹനകൃഷ്ണന്റെയും ഭാര്യ ജ്യോല്‍സന (റിമാ കലിംഗല്‍)യുടെയും വിവാഹത്തിലെ പ്രശ്നങ്ങള്‍ ഇടക്ക് ചര്‍ച്ചക്ക് വരുന്നെങ്കിലും ഒരിക്കലും അതെങ്ങുമെത്തുകയോ പ്രധാന കഥാഗതിയില്‍ ചലനമുണ്ടാക്കുകയോ ചെയ്യുന്നില്ല. ഒരു ഘട്ടത്തില്‍ മരിച്ച ഏതാണ്ടെല്ലാവരും തങ്ങളുടെ നിറവേറാത്ത ആഗ്രഹങ്ങള്‍ പറയാന്‍ മോഹനന് അടുത്തെത്തുന്ന വിധത്തിലും കഥ നീങ്ങുന്നുണ്ട്. അവസാനം കഥ പറഞ്ഞുനിര്‍ത്തുമ്പോള്‍ മരിച്ചവരുടെ പ്രശ്നങ്ങളാണോ ജീവിച്ചിരിക്കുന്നവരുടെ പ്രശ്നങ്ങളാണോ സംവിധായകന്‍ പറയാന്‍ ശ്രമിച്ചതെന്ന് ആശയക്കുഴപ്പവുമണ്ടാകും.
അഭിനയത്തില്‍ മോഹനകൃഷ്ണന്റെ ഭാവങ്ങള്‍ കൃത്യമായി പകര്‍ത്താന്‍ ജയസൂര്യക്ക് കഴിയുന്നുണ്ട്. എന്നാല്‍ ജ്യേഷ്ഠന്‍ ശങ്കരനായി എത്തുമ്പോള്‍ അദ്ദേഹത്തിന് പല സ്ഥലത്തും പ്രച്ഛന്ന വേഷം മാത്രമായി അഭിനയം മാറും. റിമാ, മീരാ എന്നീ നായികമാര്‍ കിട്ടിയ വേഷം മോശമാക്കിയില്ല. കാര്യമൊന്നുമില്ലെങ്കിലും സഹകഥാപാത്രങ്ങളായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, സുധീഷ് തുടങ്ങിയവര്‍ വെറുപ്പിച്ചില്ല.
സാങ്കേതിക വിഭാഗത്തില്‍ ഐസക് തോമസ് കൊട്ടുകാപള്ളിയുടെ പശ്ചാത്തല സംഗീതം മികച്ചുനിന്നു. നായക കഥാപാത്രം ഡബിള്‍ റോളില്‍ ഒരുമിച്ച് സ്ക്രീനില്‍ എത്തുമ്പോഴുള്ള ഗ്രാഫിക്സ് പലപ്പോഴും ബാലിശമായിരുന്നു.
ടി.വി ചന്ദ്രന്‍ ചിത്രങ്ങള്‍ക്ക് എന്നും ഊറ്റം കൊള്ളാന്‍ എന്തെങ്കിലുമൊക്കെ മേന്‍മകള്‍ കാണാറുണ്ട്. ആ പാരമ്പര്യത്തിന് കോട്ടമുണ്ടാക്കാന്‍ മാത്രമേ 'ശങ്കരനും മോഹനനും' എന്ന ചിത്രം അദ്ദേഹത്തെ സഹായിക്കൂ.
No comments:
Post a Comment