മലയാളത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ പൃഥ്വിരാജിന്റെ പുതിയ പരീക്ഷണങ്ങള്‍. സൂപ്പര്‍താരങ്ങളുടെ വില്ലനായി പ്രേക്ഷക കൈയടി നേടുകയാണ് 'യംഗ് സൂപ്പര്‍സ്റ്റാറിന്റെ' അടുത്ത ലക്‌ഷ്യം. അതിനായി അവരുടെ പ്രതിയോഗിയായി അഭിനയിക്കാനും പൃഥ്വി തയാര്‍. എം പത്മകുമാറിന്റെ ചിത്രത്തില്‍ മോഹലാലിന്റെ വില്ലന്‍ വേഷം പൃഥ്വി ചെയ്യുന്നു എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നതാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ചിത്രത്തിലും നെഗറ്റീവ് റോളുമായി പൃഥ്വിരാജ് എത്തുന്നു.
പൃഥ്വിയുടെ നേതൃത്വത്തിലുള്ള 'ആഗസ്റ്റ് സിനിമ' യുടെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് അമല്‍ നീരദ് ആണ്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്‍റെ കഥ അമല്‍ നീരദിന്റെതാണ്. ക്യാമറ കൈകാര്യം ചെയ്യുന്നതും അമല്‍ നീരദ് തന്നെ. ഉറുമിയുടെ രചയിതാവ്‍ ശങ്കര്‍ രാമകൃഷ്‌ണനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
1950 കാലത്തെ കഥാപശ്ചാത്തലത്തിലാണ് ഈ സിനിമ രൂപം കൊള്ളുന്നത്. സ്വാതന്ത്ര്യസമരത്തിന് ശേഷവും കേരളപ്പിറവിക്കു മുമ്പുമുള്ള കാലഘട്ടത്തില്‍ നടക്കുന്ന കഥ ഒരു ആക്ഷന്‍ ത്രില്ലറാണ്. 25 കോടി രൂപയോളം മുതല്‍മുടക്കു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോളിവുഡില്‍നിന്നും കോളിവുഡില്‍നിന്നുമുള്ള നടിമാരെയാണ് ചിത്രത്തിലെ നായികാതാരങ്ങളായി പരിഗണിക്കുന്നത്
പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്ന ചിത്രമാണിത്. ബിഗ്ബി, സാഗര്‍ എലിയാസ് ജാക്കി, അന്‍വര്‍ എന്നീ സിനിമകള്‍ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. രഞ്ജിത് സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ റുപ്പീ'ക്ക് ശേഷം ഈ സിനിമ ആരംഭിക്കാനാണ് പൃഥ്വിരാജ് തീരുമാനിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം എത്തിക്കാനാണ് നീക്കം. ഈ സിനിമ ഇറങ്ങിക്കഴിഞ്ഞാലറിയാം സൂപ്പറുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മാത്രം പൃഥ്വി വളര്‍ന്നോ എന്ന്. മോഹന്‍ലാലും പൃഥ്വിയും അഭിനയിക്കുന്ന ലാല്‍ ജോസിന്റെ കസിന്‍സും ഈ വര്‍ഷം തുടങ്ങും.
No comments:
Post a Comment