Your Ad Here

Tuesday, 14 June 2011

നാം നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും

ഔഷധമായി പച്ചക്കറികള്‍
പാവയ്ക്ക: പാവയ്ക്കയും അതിന്റെ ഇലയും 'സോറിയാസിസ്' എന്ന ത്വക്‌രോഗത്തിന് വളരെയധികം ഫലം ചെയ്യുന്ന ഒറ്റമൂലിയാണ്. പാവയ്ക്ക കറിവെച്ച് കൂട്ടുന്നതും പച്ചയായി കഴിക്കുന്നതും ഒരുപോലെ നല്ലതാണ്. പാവയ്ക്ക പിഴിഞ്ഞ് നീര് രണ്ടൗണ്‍സ് വീതം രണ്ടു നേരം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്തുകാണാറുണ്ട്. ഇതേ ചികിത്സാരീതി മഞ്ഞപ്പിത്തം ശമിക്കാനും ഫലപ്രദമാണ്.
കോളിഫ്ലവര്‍: 
കോളിഫ്ലവര്‍ കൊണ്ട് സൂപ്പുണ്ടാക്കി അതില്‍ ശര്‍ക്കരചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കുന്നതാണ്. അതുപോലെ കോളിഫ്ലവര്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തപിത്തം നിയന്ത്രണവിധേയമാക്കും.
കോവയ്ക്ക: 
കോവയ്ക്ക എന്നും കഴിക്കുക. തോരന്‍ വെച്ചോ മെഴുക്കുപുരട്ടിയാക്കിയോ. പച്ചയ്ക്ക് സാലഡാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരമാലിന്യങ്ങളെ അകറ്റുന്നതിനും സഹായിക്കും.
ചീര: 
ചീരയില ഇടിച്ച് പിഴിഞ്ഞ നീരും, ഇളനീര്‍ വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ആറ് ഔണ്‍സ് വീതം നിത്യവും രണ്ടുനേരമായി കഴിച്ചാല്‍ മൂത്രനാളീവീക്കം മാറിക്കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിനുവേണ്ടി ഏവര്‍ക്കും ആശ്രയിക്കാവുന്ന ഇലക്കറിയാണ് ചീര. 'സോറിയാസിസ്' നിയന്ത്രണവിധേയമാക്കാനും ചീര സഹായിക്കും.
വെണ്ടയ്ക്ക:
 മൂക്കാത്ത വെണ്ടയ്ക്ക ദിവസവും 100 ഗ്രാം എടുത്ത് സ്വല്പം പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ശരീരം നല്ലപോലെ പുഷ്ടിപ്പെടും. ബുദ്ധിശക്തി വര്‍ധിക്കാനും വെണ്ടയ്ക്ക നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉപകരിക്കും. ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ് മാറിക്കിട്ടുന്നതാണ്.
പടവലങ്ങ: 
പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. ഇത് താളിപോലെ നിത്യവും ഉപയോഗിക്കുക. പടവലങ്ങ കൊത്തമല്ലിയോടൊപ്പം വേവിക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ളം തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദിയും അതിസാരവും ശമിക്കുന്നതാണ്.
കാബേജ്: 
പ്രമേഹരോഗികള്‍ക്ക് ദിവസവും കഴിക്കാവുന്ന ഒരു ഇലക്കറിയാണ് കാബേജ്. പ്രമേഹത്തെ നിയന്ത്രിച്ച് ശരീരാരോഗ്യം കൈവരിക്കാന്‍ കാബേജ് ഉപകരിക്കും. 'സോറിയാസിസിന് കാബേജ് വേവിച്ച് പശുവിന്‍പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് പല രോഗികളിലും ഫലപ്രദമായി കണ്ടിട്ടുണ്ട്.
കുമ്പളങ്ങ:
 കുമ്പളങ്ങാത്തൊലിയുടെ രണ്ടൗണ്‍സ് നീരില്‍ 300 മില്ലിഗ്രാം കുങ്കുമപ്പൂവും വരിനെല്ലിന്റെ പതിനഞ്ച് ഗ്രാം തവിടും ചേര്‍ത്ത് കാലത്തും അതേ പ്രകാരം വൈകുന്നേരവും കഴിക്കുകയാണെങ്കില്‍ പ്രമേഹരോഗം നിയന്ത്രണവിധേയമാകും.
കാരറ്റ്: 
കാരറ്റ് നീരും അതിന്റെ പകുതി ആട്ടിന്‍പാലും കാല്‍ഭാഗം ആട്ടിന്‍ തൈരും ചേര്‍ത്ത് കാലത്തും അതേ പ്രകാരം വൈകുന്നേരവുംകഴിച്ച് ശീലിച്ചാല്‍ രക്തദൂഷ്യം ശമിക്കും.


ക്ഷീണം മാറ്റാന്‍ കക്കിരിക്ക
നമുക്ക് നിത്യവും ആവശ്യമായ വിറ്റാമിനുകളില്‍ മിക്കതും കക്കിരിക്കായിലുണ്ട്. വിറ്റാമിന്‍ B, B2, B3, B5, B6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്... ക്ഷീണം തോന്നുമ്പോള്‍ കക്കിരിക്ക സ്വല്‍പ്പം ഉപ്പ് വിതറി കഴിക്കുക. ആശ്വാസം തോന്നും.

നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്കാ കഷണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ സമാധാനമുണ്ടാവും. ശരീരത്തില്‍ കുറവുവരുന്ന പോഷകാംശങ്ങള്‍ നികത്താന്‍ കക്കിരിക്കയ്ക്ക് കഴിവുണ്ട്.

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം വറുത്തതും പൊരിച്ചതും കഴിക്കുന്നത് ഒഴിവാക്കണമെന്നുണ്ടോ? പകരം കക്കിരിക്ക കുരുമുളകും ഉപ്പും വിതറി കഴിക്കുക. വയറും നിറയും കൊഴുപ്പ് കൂടുകയുമില്ല.

ഭക്ഷണമെന്നതിലപ്പുറം ഗുണങ്ങളുണ്ട് കക്കിരിക്കയ്ക്ക്. വായനാറ്റം തടയാന്‍ ഉത്തമം. ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി 30 സെക്കന്‍ഡ് സൂക്ഷിക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുന്നു.

നല്ലൊരു ഫേഷ്യല്‍ ഒരുക്കാനും കക്കിരിക്ക ധാരാളം. തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക. ഇതില്‍നിന്ന് വരുന്ന ആവി മുഖത്ത് തട്ടണം. ചര്‍മം ഫ്രഷ് ആവും.
 





ഹൃദയത്തെ രക്ഷിക്കാന്‍ മത്സ്യം കഴിക്കാം


മത്സ്യവിഭവങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് ഏറെക്കാലം മുമ്പുതന്നെ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ചിലയിനം മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ഹൃദയത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, എല്ലാത്തരം മത്സ്യവിഭവങ്ങളും കഴിച്ചാല്‍ ഈ ഗുണഫലം ലഭിക്കുമെന്ന് കരുതേണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ചില വിഭവങ്ങള്‍ ഗുണത്തേക്കാളേറെ ഹൃദയത്തിന് ദോഷമാണ് സമ്മാനിക്കുകയെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സംഘടനയ്ക്ക് വേണ്ടി ഹവായ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥി ലിക്‌സിന്‍ മെങ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കഴിഞ്ഞയാഴ്ച ഒര്‍ലാന്‍ഡോയില്‍ നടന്ന സംഘടനാ വാര്‍ഷിക യോഗത്തില്‍ ഈ പഠനറിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. 
എണ്ണയില്‍ പൊരിച്ചെടുക്കുന്ന മത്സ്യം, ഉപ്പിട്ട് ഉണക്കിയെടുത്ത മത്സ്യം എന്നിവയിലൊന്നും ഒമേഗ-3 ഫാറ്റി ആസിഡിന്റെ അംശമില്ലെന്ന് പഠനത്തില്‍ വ്യക്തമായി. വേവിച്ചതോ മൈക്രോവേവ് ഓവനില്‍വെച്ച് ബേക്ക് ചെയ്തതോ ആയ മത്സ്യവിഭവങ്ങളില്‍ മാത്രമേ ഒമേഗ-3 കണ്ടെത്തിയിട്ടുള്ളൂ. ഹൃദയത്തിന് നന്നെന്ന് കരുതി എത്രയെങ്കിലൂം വറുത്ത മത്സ്യങ്ങള്‍ കഴിച്ചിട്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്നര്‍ഥം.

'പൊരിച്ച മീനും പാകംചെയ്ത മീനും തമ്മിലുള്ള താരതമ്യമല്ല പഠനത്തിന്റെ ലക്ഷ്യം. പക്ഷേ, രണ്ടിന്റെയും ഗുണവശങ്ങള്‍ പരിശോധിക്കുമ്പോള്‍ പാകംചെയ്ത മീനാണ് ഹൃദയത്തിന് ഏറെ നല്ലതെന്ന് തെളിയുന്നു. പൊരിച്ച മീനാകട്ടെ ദോഷകരവും' -ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലിക്‌സിന്‍ മെങ് പറയുന്നു. ഉണക്കമത്സ്യം കഴിക്കുന്നതും ഹൃദയത്തിന് ദോഷം സൃഷ്ടിക്കുമെന്ന് ലിക്‌സിന്‍ മെങ് കൂട്ടിച്ചേര്‍ക്കുന്നു.

ഒമേഗ-3 ഫാറ്റി ആസിഡ് ഉള്‍പ്പെടുന്ന മീന്‍ കഴിക്കുന്നയാളുകള്‍ക്ക് ഹൃദ്രോഗസാധ്യത കുറയുന്നുണ്ടെന്ന് പഠനത്തില്‍ ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിട്ടുണ്ട്. 82,243 പുരുഷന്‍മാരിലും 1,03,884 സ്ത്രീകളിലുമായി അതിവിപുലമായ പഠനമാണ് നടത്തിയത്. ഇവരില്‍ മീന്‍ കഴിക്കാത്തവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 23 ശതമാനം ഹൃദ്രോഗസാധ്യത അധികമാണെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

പി.എസ്.

No comments:

Post a Comment