
The Scenic Beauty of Munnar
മൂന്നാറില്‍ പലതവണ പോയിട്ടുണ്ടെങ്കിലും മഴക്കാലത്ത് ഇതുവരെ പോയിട്ടില്ല. മഴത്തുള്ളികള്‍ ഇറ്റിറ്റ് വീഴുമ്പോള്‍ മൂന്നാര്‍ കൂടുതല്‍ സുന്ദരിയാകുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെയാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറിലേക്ക് തിരിച്ചത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ തിരിച്ച ഞങ്ങള്‍ ഉച്ചയ്‌ക്ക് ശേഷം മൂന്നാറിലെത്തി.
തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ മൂന്നാറിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ എന്തെന്നില്ലാത്ത ഒരു കുളിര്‍മ അനുഭവപ്പെട്ടു. ഞങ്ങള്‍ എത്തുമ്പോള്‍ മൂന്നാറില്‍ ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു. അവിടെവച്ച് മൂന്നാറിലെ ഒരു സുഹൃത്തും ഒപ്പം കൂടി. കെടിഡിസിയുടെ റിസോര്‍ട്ടായ ടീ കൗണ്ടിയില്‍ നേരത്തെ തന്നെ താമസത്തിനുള്ള സൗകര്യം മൂന്നാറിലെ സുഹൃത്ത് തരപ്പെടുത്തിയിരുന്നു. നേരെ ടീകൗണ്ടിയിലെത്തി, കുളിച്ച് ഫ്രഷായി അഞ്ചുമണിയോടെ ഞങ്ങള്‍ പുറത്തിറങ്ങി.
2010ലെ ഏഷ്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിനോദസഞ്ചാരകേന്ദ്രമായി മൂന്നാര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മഴക്കാലമാണെങ്കിലും സഞ്ചാരികള്‍ക്ക് ഒരു കുറവുമില്ല. കൂടുതല്‍പേരും അന്യസംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും നിന്നുമെത്തിയവര്‍. കുറെനേരം കാറിലായിരുന്നു യാത്ര. എന്നാല്‍ കാര്‍ ഒരു ഭാഗത്ത് ഒതുക്കിയശേഷം അല്‍പ്പം നടന്നു. എങ്ങോട്ട് നോക്കിയാലും മനംമയക്കുന്ന ദൃശ്യഭംഗി. ക്യാമറ നമ്മള്‍ ക്‌ളിക്ക് ചെയ്യേണ്ട ആവശ്യമില്ല, പകരം അത് തനിയെ പ്രവര്‍ത്തിക്കുമെന്ന് തോന്നിപ്പോകുന്നു. നേരം ഇരുട്ടിയതോടെ ഞങ്ങള്‍ വീണ്ടും ടീംകൗണ്ടിയിലെത്തി.
Varayadu- A rare species
പിറ്റേദിവസം രാവിലെ ആനയിറങ്കല്‍ ഡാമിലേക്ക് പോയി. ഹാ! എത്രമനോഹരമായിരുന്നു ആ കാഴ്‌ച, പച്ചമൂടിയ കുന്നിനിടയിലൂടെ കലപില ശബ്‌ദത്തോടെ ജലം റിസര്‍വോയറിലേക്ക് പതിക്കുന്നു. ഡാമിന്റെ വശങ്ങളിലും പച്ചവിരിപ്പ് പോലെ തേയിലതോട്ടം. അതിനുശേഷം ഞങ്ങള്‍ ഇരവികുളത്തേക്ക് പോയി. ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ വരയാടുകളെ കണ്ടു. മൂന്നാര്‍ ടൗണില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഇരവികുളം. റോഡിന് ഇരുവശത്തും ആകര്‍ഷകമായ ദൃശ്യഭംഗി ആസ്വദിച്ചായിരുന്നു യാത്ര. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളെ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ അതിവസിപ്പിച്ചിരുക്കുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് വരയാടുകള്‍ക്ക് ഇരവികുളത്ത് ആവാസമൊരുക്കിയത്. ഇരവികുളം ദേശീയ പാര്‍ക്കിന്റെ തെക്ക് ഭാഗത്താണ് ആനമുടി. പശ്‌ചിമഘട്ടത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന് 2,695 മീറ്റര്‍ ഉയരമുണ്ട് ആനമുടിക്ക്. പ്രകൃതി സ്‌നേഹികളും സാഹസിക വനയാത്രികരും ഏറെ ഇഷ്‌ടപ്പെടുന്ന സ്ഥലമാണ് ഇരവികുളവും പരിസര പ്രദേശങ്ങളും.

Kundala- A very famous Picnic spot in Munnar
മൂന്നാറില്‍ നിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാട്ടുപ്പെട്ടിയിലെത്താം. സ്വിസ്‌റ്റര്‍ലണ്ടിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത കന്നുകാലികളെ അതിവസിപ്പിച്ചിരിക്കുന്ന ഡയറി ഫാമാണ് ഇവിടുത്തെ പ്രത്യേകത. മാട്ടുപ്പെട്ടിയിലെ തടാകവും ഡാമുമൊക്കെ നയനാനന്ദകരം തന്നെ. ഇവിടെയടുത്താണ് വിനോദസഞ്ചാരികള്‍ ഏറെ ഇഷ്‌ടപ്പെടുന്ന കുണ്ടള എന്ന സ്ഥലം. തടാകം, എക്കോ പോയിന്റ് എന്നിവയാണ് കുണ്ടളയിലെ പ്രധാന സവിശേഷതകള്‍. പ്രകൃതിഭംഗി ആസ്വദിക്കാന്‍ കുണ്ടള തടാകത്തില്‍ ഒരു ബോട്ട് സര്‍വ്വീസ് ഉണ്ട്. ചന്ദനത്തിന് പ്രശസ്‌തമായ മറയൂരും ചിന്നാര്‍ വന്യജീവി സങ്കേതവും മൂന്നാറിന് അടുത്താണെങ്കിലും അത് അടുത്ത യാത്രയില്‍ കാണാമെന്ന് ഉറപ്പിച്ച് വൈകുന്നേരത്തോടെ ഞങ്ങള്‍ മടക്കയാത്രയ്‌ക്ക് ഒരുങ്ങി.
മൂന്നാറിന്റെ ദൃശ്യഭംഗിക്കൊപ്പം ചന്നംപിന്നം പെയ്യുന്ന മഴ കൂടി ആയപ്പോളാണ് മൂന്നാറിലേക്കുള്ള യാത്രയുടെ ഹരം ശരിക്കും മനസിലായത്. ഒരു പകല്‍ ശരിക്കും ദൃശ്യവിസ്‌മയങ്ങളുടേതായിരുന്നു. മടക്കയാത്രയില്‍ മൂന്നാര്‍ ടൗണില്‍ റോഡിന്റെ ഇരുവശത്തും സ്‌ത്രീകള്‍ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നത് കണ്ട് വണ്ടിനിര്‍ത്തി. വളരെ മികച്ച നിലവാരമുള്ള പച്ചക്കറികളാണ് മൂന്നാറില്‍ വില്‍ക്കുന്നതെന്ന് നേരത്തെ കേട്ടിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം കാരറ്റും തക്കാളിയും പാഷന്‍ഫ്രൂട്ടുമാണ്. ഇവ മൂന്നും വിലപേശിയാണെങ്കിലും കുറെ വാങ്ങി. ഏതായാലും നമ്മുടെ നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ വളരെ ലാഭകരമായി മൂന്നാറില്‍ നിന്ന് കാരറ്റും തക്കാളിയും വാങ്ങാം. അങ്ങനെ ഞങ്ങള്‍ മൂന്നാറിനോട് തല്‍ക്കാലം വിടപറഞ്ഞു മുന്നോട്ട് നീങ്ങി, വീണ്ടും കാണാമെന്ന വാക്കുമായി.
Tea Conuty- A Finest Destination in Munnar
ഹൈറേഞ്ചിന്റെ എല്ലാ മനോഹാരിതയും പകര്‍ന്നുതരുന്ന ഒരിടമാണ് മൂന്നാര്‍. മൂന്നാറിലെ വശ്യ മനോഹര കാഴ്‌ചകളും അനുഭവങ്ങള്‍ക്കു മൊപ്പം സഞ്ചാരികള്‍ ഏറെ ഇഷ്‌ടപ്പെടുന്ന ഒരു താമസസ്ഥലമാണ് കെ ടി ഡി സിയുടെ ടീ കൗണ്ടി. പുറത്തെ തേയിലത്തോട്ടങ്ങളും ഹൈറേഞ്ചിലെ മനംമയക്കുന്ന കാഴ്‌ചകളും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ടീകൗണ്ടിയിലെ ഓരോ മുറിയും സജ്ജീകരിച്ചിരിക്കുന്നത്. വൈ-ഫൈ കണക്ഷനും ആയുര്‍വേദ തെറാപ്പിയും ബീര്‍ പാര്‍ലറും പാരാ ഗൈ്‌ളഡിങ്ങിനും ട്രെക്കിങ്ങിനുമുളള സൗകര്യങ്ങളും ടീ കൗണ്ടിയില്‍ ലഭ്യമാണ്. മൂന്നു തരത്തിലുളള മുറികള്‍ ടീ കൗണ്ടിയില്‍ ലഭ്യമാണ്. ഡീലക്‌സ് മുറികള്‍ക്ക് 6000, പ്രീമിയം മുറികള്‍ക്ക് 6500, സ്യൂട്ടിന് 10000 എന്നിങ്ങനെയാണ് നിരക്കുകള്‍. ജൂണ്‍ മുതല്‍ ഓഗസ്‌റ്റ് വരെയുളള ഓഫ് സീസണില്‍ ഈ നിരക്കുകള്‍ 4500, 5000, 8000 എന്നിങ്ങനെയായി കുറയും
No comments:
Post a Comment