മലയാളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായി വിലസുന്ന 'സൂര്യ' ടിവിയിലെ 'ഡീല്‍ ഓര്‍ നോ ഡീലി'ന് ഫുള്‍ സ്റ്റോപ്പ് ആകുന്നു. മുകേഷ് അവതരിപ്പിക്കുന്ന ഈ ഷോ രണ്ടുവര്‍ഷത്തോളമായി 'സൂര്യ'യ്ക്ക് അഭിമാനവും മറ്റു ചാനലുകള്‍ക്ക് 'തലവേദന'യുമായി കുതിക്കുകയായിരുന്നു.
എന്നാല്‍ മലയാളികള്‍ നെഞ്ചിലേറ്റിയ ഈ റിയാലിറ്റി ഷോ സൂര്യ ടി വി അവസാനിപ്പിക്കുകയാണ്. അടുത്ത ആഴ്ച ഷോയുടെ അവസാന സംപ്രേക്ഷണം ആയിരിക്കും. സണ്‍ നെറ്റുവര്‍ക്കിലെ ചില ആഭ്യന്തര പ്രശ്നങ്ങള്‍ മൂലമാണ് പരിപാടി നിര്‍ത്തുന്നത്. 172 എപ്പിസോഡുകള്‍ പിന്നിട്ട ഡീല്‍ ഓര്‍ നോ ഡീല്‍ നിലനിര്‍ത്താന്‍ ആവശ്യം ഉയരുന്നുണ്ടെങ്കിലും മാനേജ്മെന്റ് ഉറച്ചു തന്നെയാണ്.
2009 നവംബറില്‍ ആണ് ഷോ ചാനലില്‍ സംപ്രേക്ഷണം തുടങ്ങുന്നത്. 'കോടീശ്വരന്‍ ' അവതരിപ്പിച്ചു വിജയിപ്പിച്ച മുകേഷിനെയാണ് ചാനല്‍ ഇതിനായി നിയോഗിച്ചത്. തുടക്കത്തില്‍ അമ്പത് എപ്പിസോഡുകള്‍ അവതരിപ്പിക്കാനുള്ള കരാര്‍ ഒപ്പിട്ടാണ് മുകേഷ് ഈ പരിപാടിയുടെ ഭാഗമാകുന്നത്. എന്നാല്‍ ഈ റിയാലിറ്റി ഷോ അതിന്റെ അണിയറ പ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചുകൊണ്ട് വളരെപ്പെട്ടെന്നു സൂപ്പര്‍ ഹിറ്റായി. അതോടെ സണ്‍ നെറ്റുവര്‍ക്ക് മുകേഷുമായുള്ള കരാര്‍ പുതുക്കി പരിപാടി തുടരുകയായിരുന്നു. പിന്നീട് പരിപാടിയുടെ റേറ്റിംഗ് നാള്‍ക്കുനാള്‍ കൂടിവന്നു. റേറ്റിങ്ങില്‍ സ്റ്റാര്‍ സിംഗറിനെയും പിന്നിലാക്കി.
മറ്റു റിയാലിറ്റി ഷോകളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇത്. സാമ്പത്തികമായി സഹായം ആഗ്രഹിക്കുന്നവര്‍, ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ പോരാടുന്നവര്‍, കടഭീഷണി നേരിടുന്നവര്‍ എന്നിവര്‍ക്കെല്ലാം 'ഡീല്‍ ഓര്‍ നോ ഡീല്‍' ഒരു അഭയ സ്ഥാനമായിരുന്നു. അവരുടെ പ്രശ്നങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. അവര്‍ക്ക് ഭാഗ്യം ഉണ്ടാവാന്‍ പ്രേക്ഷകര്‍പ്രാര്‍ഥിച്ചു. അങ്ങനെ ഷോ മാനുഷികമായും വിനോദപരമായും ശ്രദ്ധിക്കപ്പെട്ടു.
ഇതിനെല്ലാം ഉപരി മുകേഷിന്റെ അവതരണവും പരിപാടിയെ ജനകീയമാക്കി. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും സണ്‍ നെറ്റ്വര്‍ക്ക് 'ഡീല്‍ ഓര്‍ നോ ഡീല്‍' അവതരിപ്പിച്ചിരുന്നു. എന്നാല്‍ മലയാളത്തിലേതുപോലെ ജനപ്രീതി നേടാന്‍ മറ്റ് ഭാഷകളില്‍ കഴിഞ്ഞില്ല. ഇത് തന്നെ മുകേഷിന് ഏറെ അഭിമാനിക്കാന്‍ വക നല്‍കിയിരുന്നു.
പരിപാടി അവസാനിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ തന്റെ ഫോണിന് വിശ്രമമില്ലാതായതായി മുകേഷ് പറയുന്നു. പരിപാടി എന്തുവന്നാലും അവസാനിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകളാണ് വരുന്നതെന്ന് മുകേഷ് പറയുന്നു. അതിനാല്‍ എന്തു പ്രശ്നമുണ്ടെങ്കിലും അതെല്ലാം പരിഹരിച്ച് പരിപാടി മുന്നോട്ടുപോകാനുള്ള സാഹചര്യം ചാനല്‍ അധികൃതര്‍ സൃഷ്ടിക്കണമെന്നാണ് മുകേഷ് അഭ്യര്‍ത്ഥിക്കുന്നത്.
No comments:
Post a Comment